ഗുജറാത്ത്: പശുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും വിധിച്ച് ഗജറാത്തിലെ അമ്രേലി ജില്ലയിലെ സെഷന്‍സ് കോടതി. ഗുജറാത്തില്‍ പശുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് ഇതാദ്യമാണ്. 2017 ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
കാസിം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്ന് പ്രതികളെയും സെഷന്‍സ് കോടതി ജഡ്ജി റിസ്വാന ബുഖാരി ചൊവ്വാഴ്ച കുറ്റക്കാരായി പ്രഖ്യാപിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്പിപി) ചന്ദ്രേഷ് മേത്ത പറഞ്ഞു. 2023 ല്‍ അമ്രേലി നഗരത്തില്‍ വച്ച് ചിലര്‍ പശുക്കളെ പിടികൂടി അറുക്കുകയും ബീഫ് വില്‍ക്കുകയും ചെയ്യുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നഗരത്തിലെ ഒരു വീട് റെയ്ഡ് ചെയ്യുകയും 40 കിലോ ബീഫ്, കശാപ്പ് ചെയ്ത പശുക്കളുടെ ശരീരഭാഗങ്ങള്‍, ഇതിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. കാസിം സോളങ്കിയെ ഉടന്‍ പിടികൂടിയെങ്കിലും മറ്റ് രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെടുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പശു സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വഘാനി പറഞ്ഞു.
”ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രബിന്ദുവാണ് പശു. ഗോവധം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു ദയയും കാണിക്കില്ല,” വഘാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചരിത്ര വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടയതെന്ന് ജിതു വഘാനി പ്രതികരിച്ചു.
ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം ഒരു പ്രതിക്ക് 5,00,000 രൂപ (ആകെ 15 ലക്ഷം രൂപ) പിഴ ചുമത്തിയതായി മേത്ത പറഞ്ഞു. നിയമത്തിലെ സെക്ഷന്‍ 6 (ബി) പ്രകാരം (ബീഫ് അല്ലെങ്കില്‍ ബീഫ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ എതിരായ നിരോധനം) ഏഴ് വര്‍ഷം തടവും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചില മൃഗങ്ങളെ കൊല്ലുക, വിഷം കൊടുക്കുക, അംഗഭംഗം വരുത്തുക, അല്ലെങ്കില്‍ ഉപയോഗശൂന്യമാക്കുക എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകള്‍ പ്രകാരവും അവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.


