
ജനീവ:ചിന്തിക്കുന്നതിലും ഭയാനകം ആണ് കോവിഡ് -19.ലോകം അതീവ ജാഗ്രത എടുക്കേണ്ടിയിരിക്കുന്നു .ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന. ചൈനയിൽ വൻ നാശം വിതച്ച വൈറസ് മറ്റ് രാജ്യങ്ങളിൽ പടരുന്നതിന്റെ വേഗത ചൈനയെ ആപേക്ഷിച്ച് പതിനേഴിരട്ടി വേഗത്തിലാണ്. നിലവിൽ 3,300 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു, 98,000 പേർ വൈറസ് ബാധിതരാണ്. പകർച്ചവ്യാധി തടയാൻ എല്ലാ രാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. “ഇത് പരിശീലത്തിനായുള്ള സമയമല്ല, പറയാൻ ഒഴിവുകഴിവുകളില്ല, മുട്ട് മടക്കാൻ നമ്മൾ ഉദ്ദേശിച്ചിട്ടില്ല, വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ നമ്മൾ പോരാടും.” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രിയേസസിസിന്റെ വാക്കുകൾ.
വ്യാഴാഴ്ച ചൈനയിൽ 30 പേർ വൈറസ് ബാധയെ തുടർന്ന് മരിക്കുകയും 143 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. മരിച്ചതിൽ 29പേരും ഹുബേയ് പ്രവിശ്യയിലുള്ളവരാണ് ഒരാൾ ഹായിനാൻ പ്രവിശ്യയിലും. ചൈനയിൽ 53,726 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിവിട്ടു. ഗാൻസു, ബെയ്ജിഗ്, ഷാഗ്ഹായ് എന്നീ പ്രവിശ്യകളിൽ 16 വിദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അമേരിക്കയിൽ കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി, ഇതേതുടർന്ന് വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള സജീകരണങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി അമേരിക്ക 8.3 ബില്ല്യൺ ഡോളറിന്റെ ബിൽ പാസാക്കി. രാജ്യത്തിന്റെ നേതൃത്വം വഹിക്കുന്നവർ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ഡെമോക്രാറ്റിക്ക് സെനറ്റ് അംഗം പാട്ട്രിക്ക് ലേഹി പറഞ്ഞു.
അമേരിക്കയിൽ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ജനുവരിയിലും ആദ്യ മരണം ഫെബ്രുവരിയിലുമാണ്.ഇന്ത്യയും കോവിഡ്-19 വൈറസിന്റെ പിടിയിലാണ്. വിദേശത്തുനിന്നെത്തിയവരുൾപ്പടെ വ്യാഴാഴ്ച 30 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യം കനത്ത ജാഗ്രതയിലാണ്. ഡൽഹിയിലാണ് വൈറസ് ബാധിതരിലധികവും. ഡൽഹിയിലെ സ്കൂളുകൾക്ക് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയും വൈറസ് പടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചു. ഇന്ത്യയിൽ ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിലെ പൗരൻമാരും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലും വൈറസ് ബാധ സ്ഥിരീകരിച്ചു.