തിരുവനന്തപുരം:ലോകം ഭയക്കുന്ന കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാർത്ഥിനിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഈ വിവരം ശരിവച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ വുഹാൻ സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് രോഗം ബാധിച്ചത്. നിലവിൽ രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട ചൈനയിൽ നിന്നുൾപ്പെടെ കേരളത്തിൽ എത്തിയവർ 28 ദിവസം നിർബന്ധമായും വീടുകൾക്കുള്ളിൽ തന്നെ കഴിയേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടുകയാണങ്കിൽ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട ശേഷം ആശുപത്രികളിലേക്ക് പോകണം. ഓരോ ജില്ലയിലും മെഡിക്കൽ കോളേജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ പ്രത്യേകം ഐസോലേഷൻ ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
ഓരോ ആശുപത്രിയിലും നോഡൽ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷൻ സംവിധാനത്തിന്റെയും ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണിൽ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷൻ ചികിത്സാ സംവിധാനം ഏർപ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി, ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ടതില്ല. കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങൾ യാത്രയ്ക്ക് ഒഴിവാക്കണം. ആശുപത്രി നമ്പർ കൂടാതെ ദിശ നമ്പറിൽ നിന്നും (0471 2552056) വേണ്ട മാർഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്.
മറ്റ് നിർദേശങ്ങൾ
വീട്ടിൽ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക.
ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ കഴിയുക.
പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ളീച്ചിംഗ് പൗഡർ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.
ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല / തോർത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പരുത്.
സന്ദർശകരെ വീട്ടിൽ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.
വീട്ടിലെ മറ്റുകുടുംബാംഗങ്ങൾ വേറെ മുറികളിൽ മാത്രം താമസിക്കാൻ ശ്രദ്ധിക്കുക.
നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, കക്കൂസ് തുടങ്ങിയവയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
തൃശൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന രോഗിയെ നിരന്തരം നിരീക്ഷിക്കാൻ ഡോക്ടർമാരുടെ സംഘം രൂപീകൃതമായിട്ടുണ്ട്. വിദ്യാർത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. രോഗിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് വിവരമാണ് നിലവിൽ ലഭിക്കുന്നത്. അതേസമയം കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന നിരവധി പേർക്ക് രോഗബാധയില്ല എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.നിലവിലെ കണക്കനുസരിച്ച് കൊറോണ നോവെൽ വൈറസ് ബാധയെ തുടർന്ന് 170 പേരാണ് ചൈനയിൽ മരണമടഞ്ഞത്. പുതിയ സാഹചര്യത്തെ തുടർന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വാർത്താസമ്മേളനം നടത്തും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയാണ് ആരോഗ്യമന്ത്രി. ഇന്ത്യയിൽ ഇതാദ്യമായാണ് കൊറോണ രോഗബാധ സ്ഥിരീകരിക്കുന്നത്.ചൈനയിലെ ഹുബേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ നിന്നുമാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് യു.എ.ഇയിലും ഫിൻലൻഡിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം പടർന്ന രാജ്യങ്ങളുടെ എണ്ണം 18 ആയി മാറുകയായിരുന്നു.