കൊച്ചി: ശബരിമലയിൽ ഇനി ഡി.ജി.പി ഹേമചന്ദ്രൻ അറിയാതെ ഒരു കരികിലയും അനങ്ങില്ല. ഹൈക്കോടതി നേരിട്ട് നിയോഗിച്ച പോലീസ് മേധാവിയാണ് ഹേമചന്ദ്രൻ . ഇദ്ദേഹത്തിന്റെ വരവോട് സർക്കാരും, ഡി.ജി.പിയും ശരിക്കും മുട്ട് മടക്കുകയായിരുന്നു. ശരിക്കും കോടതിയാണ് എല്ലാം ചെയ്തത്.യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കിയിയില്ലെങ്കിലും എല്ലാ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുത്തത് സര്‍ക്കാരിന് കാര്യങ്ങളില്‍ മേല്‍കോയ്മ കിട്ടാനായിരുന്നു. എന്നാല്‍ യുവതി പ്രവേശം നടന്നതുമില്ല സ്ഥിതിയാകെ വഷളാവുകയും ചെയ്തു. ഭക്തരുടെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നു. ശബരിമലയുടെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിക്കാണ് ഇനി. ഇത് വ്യക്തമാകുന്ന ഉത്തരവ് പുറത്തുവന്നു.സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.
ശബരിമലയുടെ പൂര്‍ണനിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിയില്‍ നിക്ഷിപ്തമാവുന്ന വിധത്തിലാണ് സമിതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കും. എന്ത് തീരുമാനമെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ് പി.ആര്‍ രാമന്‍, എസ്. സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ മേല്‍നോട്ട സമിതിയെയാണ് നേരത്തെ ഹൈക്കോടതി നിശ്ചയിച്ചിരുന്നത്. ഇതില്‍ ഡിജിപിയായ ഹേമചന്ദ്രന്‍ സര്‍ക്കാരിനോട് അടുപ്പമില്ലാത്ത ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രന്റെ നിലപാട് നിര്‍ണ്ണായകമാകും.
സമിതി അംഗമായതിനാല്‍ ശബരിമലയില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും മുകളിലാണ് ഇനി ഹേമചന്ദ്രന്‍. അതിനാല്‍ തന്നെ മേല്‍നോട്ടസമിതി സര്‍ക്കാരിന് തലവേദനയാവുമെന്നുറപ്പ്.
എന്നാല്‍ നിരോധനാജ്ഞ നാലുവരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്നതു പോലെയുള്ള ആള്‍വരവില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്.തീര്‍ത്ഥാടനം തുടങ്ങിയിട്ടും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെ മടിച്ചുനിന്ന ദേവസ്വം ബോര്‍ഡ് കോടതിയുടെ വിമര്‍ശനങ്ങള്‍ വന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധിച്ചു. നാമജപക്കാരുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് പൊലീസ് നിര്‍ത്തി. രാത്രിയിലെ നാമജപം പ്രശ്നമില്ലാതെ നടക്കുന്നുണ്ട്.
എല്ലാ ദിവസവും രാത്രി ഒന്‍പത് മണിയോടെയാണ് നാമജപം തുടങ്ങാറ്. സംഘപരിവാറുകാരാണ് ഇതിന് എത്തുന്നതെന്നാണ് വിലയിരുത്തല്‍. ആദ്യ ദിനങ്ങളില്‍ വലിയ നിരീക്ഷണമാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. രണ്ട് ദിവസം ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നാമമാത്രമായ പൊലീസിനെ മാത്രമേ നാമജപം നിരീക്ഷിക്കാന്‍ പോലും നിയോഗിക്കുന്നുള്ളൂ. സ്വാമിയേ ശരണം വിളിക്കുന്നതില്‍ എന്ത് നിയമ ലംഘനമാണുള്ളതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാമജപക്കാരെ വെറുതെ വിടുന്നത്. ഇതോടെ പൊലീസ് ശബരിമലയില്‍ നിന്ന് പതിയെ പിന്‍വലിയുകയാണെന്ന വാദമാണ് ഉയരുന്നത്. ഇനി ഡിജിപി ഹേമചന്ദ്രന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്ന് പൊലീസ് നേതൃത്വവും തിരിച്ചറിയുന്നുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളെല്ലാം മേല്‍നോട്ട സമിതിയുമായി സഹകരിക്കണം. സ്‌പെഷ്യല്‍ കമ്മീഷണറുടെ സഹായവും സമിതിയ്ക്ക് ആവശ്യപ്പെടാം. ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വേണമെങ്കില്‍ സമിതിക്ക് ദേവസ്വം ബോര്‍ഡിനെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ സമിതിയുടെ ചുമതലകളും അധികാരവും വിശദമാക്കുന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേയും വെട്ടിലാക്കിയിട്ടുണ്ട്. നിരീക്ഷണ സമിതി നാളെ ആലുവ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ രാവിലെ 10.30ന് യോഗം ചേരും.
കോടതി ഉത്തരവു നടപ്പാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കാനും സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കാനും ആരും അതിരുവിട്ടു പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും സമിതിയെ അധികാരപ്പെടുത്തുന്ന ഉത്തരവിന്റെ വിശദാംശങ്ങളാണു പുറത്തുവന്നത്. പൊലീസ്, ദേവസ്വം, വനം, പൊതുമരാമത്ത് തുടങ്ങി അധികൃതരുടെയോ തീര്‍ത്ഥാടകരുള്‍പ്പെടെ മറ്റു ബന്ധപ്പെട്ടവരുടെയോ ഭാഗത്തുനിന്ന് അതിരുവിട്ട പെരുമാറ്റം ഇല്ലെന്നുറപ്പാക്കാന്‍ സമിതിക്കു നടപടിയെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാവരു നടയില്‍ പോകുന്നതിലും മഹാകാണിക്ക അര്‍പ്പിക്കുന്നതിലും ഇപ്പോഴും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഉടന്‍ തന്നെ ഈ നിയന്ത്രണങ്ങളെല്ലാം മാറ്റേണ്ടി വരുമെന്നാണ് സൂചന. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് 24 മണിക്കൂറും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങിയിട്ടുണ്ട്. രാത്രി 11ന് നട അടച്ച ശേഷവും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് മലകയറാം. നെയ്യഭിഷേകം നടത്താന്‍ തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തു തങ്ങാമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിരിവയ്ക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചു. സന്നിധാനം വലിയ നടപ്പന്തലില്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഉറങ്ങാന്‍ പാടില്ലന്ന നിബന്ധനയും ഉണ്ട്. ശബരിമലയില്‍ പോലീസിന്റെ പിടി അയയുന്നത് സര്‍ക്കാരിന് കനത്ത ക്ഷീണമാവുമെന്നുറപ്പാണ്.