അഞ്ചേരി ബേബി വധം: വിടുതല്‍ ഹര്‍ജി തള്ളി, മണി പ്രതിയായി തുടരും.മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് എം.എം മണി

കോട്ടയം : അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണി പ്രതിയായി തുടരും. മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, എ.കെ. ദാമോദരന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ആവശ്യം ശരിവച്ചാണ് കോടതി കേസില്‍ ഇവരെയും പ്രതി ചേര്‍ത്തത്.

അതേസമയം അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് എം.എം മണി. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും മണി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതൊന്നും തന്റെ രോമത്തെ പോലും സ്പര്‍ശിക്കില്ലെന്നും പ്രതിപക്ഷം പറയുമ്പോള്‍ രാജിവയ്ക്കാനല്ല താന്‍ മന്ത്രിയായതെന്നും മണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ രണ്ടാം പ്രതിയാണ് എം.എം മണി.വിടുതല്‍ ഹര്‍ജിയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനം. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. തന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫ് ആണെന്നും രാജി ഭീഷണിക്കൊന്നും താന്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബിയെ മണി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കൊടുവില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മണി രണ്ടാം പ്രതിയാണ്. പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍.1982–ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പോലീസ് ഒമ്പതു പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും 1988–ല്‍ ഇവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയും ഈ വിധി ശരിവച്ചു.

എന്നാല്‍ 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് മണി നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിതോടെയാണ് കേസ് വീണ്ടും ശ്രദ്ധേയമായത്. ഇതേത്തുടര്‍ന്നാണ് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസെടുത്തതും മണിയെ അറസ്റ്റ് ചെയ്തതും. ഈ കേസില്‍ കുറ്റവിമുക്‌തരാക്കണമെന്ന പ്രതികളുടെ അപേക്ഷയിലാണ് ഇന്ന് വിധിയുണ്ടായത്.അതേസമയം കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി അഞ്ചേരി ബേബിയുടെ സഹോദരന്‍ ജോര്‍ജ് അറിയിച്ചു.

Top