കണ്ണൂര്‍: ടി പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ പ്രത്യക്ഷത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. പിണറായി വിജയന്റെ പിടിവാശി തന്നെയാണ് ഡിജിപി സ്ഥാനത്തു നിന്നും സെന്‍കുമാറിനെ മാറ്റി ലോകനാഥ് ബെഹ്‌റയെ കൊണ്ടുവന്നതിന് പിന്നില്‍. ഇത് സംബന്ധിച്ച വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പല വിധത്തില്‍ പ്രതിരോധിക്കാന്‍ നേരിട്ടിറങ്ങിയത് സെന്‍കുമാര്‍ തന്നെയായിരുന്നു. ടി പി വധക്കേസിലെ അടക്കം ഇടപെടലുകളാണ് സെന്‍കുമാറിനെ മാറ്റി നിര്‍ത്താന്‍ ഇടതു സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ കൈക്കൊണ്ട ആദ്യത്തെ നടപടി കൂടിയായിരുന്നു സെന്‍കുമാറിനെ മാറ്റിയത്. അതുകൊണ്ട് തന്നെ ഈ വിധി കനത്ത പ്രഹരമായിരിക്കുന്നത് പിണറായി വിജയന്റെ പിടിവാശിക്ക് കൂടിയായിരുന്നു. വി എസ് അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ കൈക്കൊണ്ടുപോന്ന കീഴ് വഴക്കങ്ങളുടെ ലംഘനമായിരുന്നു പിണറായിയുടേത്. അതുകൊണ്ട് തന്നെ അനിവാര്യമായ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും
ടി.പി. സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തു തുടരുന്ന ഐ.എ.എസ്. ഐ.പി.എസ്. പോരിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ണ്ണായകമാകും. പാര്‍ട്ടിയില്‍നിന്ന് പരസ്യമായി വിമര്‍ശനം നേരിടേണ്ടിവന്നിട്ടില്ലെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെന്ന നിലയില്‍ നൂല്‍പ്പാലത്തിലൂടെയാണ് പിണറായി വിജയന്‍ ഇപ്പോള്‍ നടക്കുന്നത്. എതിര്‍പ്പുള്ള ചിലരെങ്കിലും ഇതോടെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനവുമായി മുന്നോട്ടുവരാന്‍ സാധ്യതയുണ്ട്. സുപ്രീംകോടതി വിധി പിണറായി വിജയനു മാത്രമല്ല, നളിനി നെറ്റോയ്ക്കും തന്ത്രപരമായി തിരിച്ചടിയാകും.
ടി.പി. സെന്‍കുമാറിനെ ഇനി തിരികെ സര്‍വ്വീസിലേക്ക് എടുക്കേണ്ടിവരും. പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലെത്തി രണ്ടാംദിവസമാണ് സെന്‍കുമാറിനെ ക്രമസമാധാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി. സ്ഥാനത്തുനിന്നും നീക്കി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തയായ ഉദ്യോഗസ്ഥയും ഇപ്പോള്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ മാറ്റം നടത്തിയത് എന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു.
ഐ.എ.എസ്. ഐ.പി.എസ്. മൂപ്പിളമ തര്‍ക്കത്തിന് കേരളത്തില്‍ സാധ്യകളേറെയുണ്ടായിരുന്ന കാലത്തു തുടങ്ങിയതാണ് നളിനി നെറ്റോ ഐ.എ.എസും ടി.പി. സെന്‍കുമാര്‍ ഐ.പി.എസും തമ്മിലുള്ള തര്‍ക്കം. നളിനി നെറ്റോയ്ക്കായിരുന്നു ആദ്യ അടി ടി.പി. സെന്‍കുമാര്‍ നല്‍കിയത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ്. ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ടി.പി. സെന്‍കുമാറാണ് നളിനി നെറ്റോയുടെ സ്ഥാനക്കയറ്റത്തിന് കൂച്ചുവിലങ്ങിട്ടതെന്ന് ആരോപണമുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതകളും സാഹചര്യങ്ങളും ഏറെയുണ്ടായിരുന്നത് നളിനിനെറ്റോയ്ക്കായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തര്‍ക്കത്തിന്റെ ഭാഗമായി ടി.പി. സെന്‍കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ച് നളിനിനെറ്റോയുടെ ചീഫ് സെക്രട്ടറി പദവി മാറ്റിവെപ്പിച്ചു. പകരം എസ്.എം. വിജയാനന്ദിനെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. ഇതോടെ നളിനി നെറ്റോയും ടി.പി. സെന്‍കുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. മാത്രമല്ല ടി.പി. സെന്‍കുമാര്‍ ഉമ്മന്‍ചാണ്ടിയുടെ ആളാണെന്ന മട്ടില്‍ പ്രചാരണവുമുണ്ടായി.
പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോഴേക്കും സെന്‍കുമാറിനെ പാഠം പഠിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നളിനി നെറ്റോയും ചെയ്തു വച്ചിട്ടുണ്ടായിരുന്നു എന്നാണ് ഉദ്യോഗസ്ഥതലത്തിലുണ്ടായിരുന്ന സംസാരം. അധികാരത്തിലെത്തി രണ്ടാംദിവസം പോലീസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ മാറ്റുമ്പോള്‍ ജിഷ കൊലക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസും കൈകാര്യം ചെയ്തതിലെ അപാകതയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച കാരണങ്ങള്‍.
ഓരോ സര്‍ക്കാരും അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയ്‌ക്കോ ഭരണകക്ഷികള്‍ക്കോ താല്‍പര്യമുള്ളവരെ പോലീസ് ആസ്ഥാനത്തേക്ക് ഇരുത്തുക സ്വാഭാവികമാണ്. ഇക്കാര്യത്തില്‍ ആരും ചോദ്യം ചെയ്യാറില്ലെന്നുമാത്രം. കേന്ദ്രത്തില്‍ത്തന്നെ ഇപ്പോഴും അത്തരത്തിലൊരു നിയമനമുണ്ട്. കരസേനാ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിയമിച്ചിരിക്കുന്ന വിക്രം റാവത്ത് പ്രധാനമന്ത്രിയുടെ താല്‍പര്യംകൊണ്ടാണ് നിയമിതനായത്. വിക്രം റാവത്തിനെക്കാള്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥര്‍ നില്‍ക്കുമ്പോഴായിരുന്നു ആ നിയമനം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉദ്യോഗസ്ഥര്‍ ചോദ്യവുമായി കോടതിയെ സമീപിക്കാറില്ലായിരുന്നു. എന്നാല്‍ ടി.പി. സെന്‍കുമാര്‍ ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തില്‍ നളിനി നെറ്റോ ടി.പി. സെന്‍കുമാറിനെതിരെ മൂന്നു ഫയലുകള്‍ കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചു. സുപ്രീം കോടതിയില്‍ ഈ കേസ് എത്തിയവേളയിലും സര്‍ക്കാര്‍ തങ്ങളുടെ നിലപാടിനെ ശക്തമായിത്തന്നെ ന്യായീകരിച്ചു.
നിയമസഭയില്‍ പ്രതിപക്ഷ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി ടി.പി. സെന്‍കുമാറിനെക്കുറിച്ച് പറഞ്ഞത്: അയാളൊരു ആര്‍.എസ്.എസ്ുകാരനാണെന്നായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയ്ക്ക് അകത്തും പുറത്തും സെന്‍കുമാറിനെതിരെ ശക്തമായി മുന്നോട്ടുവന്നു. ലാവലിന്‍ കേസില്‍ പിണറായി വിജയനുവേണ്ടി വാദിക്കാനെത്തിയ ഹരീഷ് സാല്‍വെയെക്കൊണ്ടുതന്നെ സര്‍ക്കാരിനുവേണ്ടി വാദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് സുപ്രീംകോടതി വിധി സെന്‍കുമാറിന് അനുകൂലമായി വന്നിരിക്കുന്നു. നളിനി നെറ്റോ സെന്‍കുമാറിനെതിരെ തയ്യാറാക്കിയ മൂന്നു ഫയലുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന സെന്‍കുമാറിന്റെ വാദം സുപ്രീംകോടതി ശരിവച്ചിരിക്കുന്നു.
മുഖ്യമന്ത്രിയ്ക്കും നളിനി നെറ്റോയ്ക്കും ഒരുപോലെ അടി കിട്ടിയിരിക്കുകയാണ് സെന്‍കുമാറിന് അനുകൂലമായി സുപ്രീംകോടതി വിധിയിലൂടെ. വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതോടെ സെന്‍കുമാറിനെ എന്തു ചെയ്യുമെന്ന് അറിയാം. ജൂണ്‍ 30 വരെയാണ് ടി.പി. സെന്‍കുമാറിന് സര്‍വ്വീസുള്ളത്. സുപ്രീംകോടതി ഇടപെടുകയാണെങ്കില്‍ ഒരുപക്ഷെ, നഷ്ടപ്പെട്ട 11 മാസം നീട്ടിനല്‍കിയേക്കാം. അങ്ങനെയാണെങ്കില്‍ത്തന്നെ വേദനിപ്പിച്ചുവിട്ട സെന്‍കുമാര്‍ പോലീസ് ആസ്ഥാനത്തേക്ക് വരുമ്പോള്‍ എങ്ങനെയായിരിക്കും പിണറായി വിജയന്റെ കീഴിലുള്ള ഭരണം? ആഭ്യന്തരവകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും ചീഫ് സെക്രട്ടറി സ്ഥാനത്തേക്കെത്തി നളിനി നെറ്റോയും തന്റെ സാന്നിധ്യത്തെ അടിയുറപ്പിച്ചിട്ടുണ്ട്. ബദ്ധശത്രുക്കളായ ചീഫ് സെക്രട്ടറിയും പോലീസ് ചീഫും ഭരിക്കുന്ന കാഴ്ച കാണേണ്ടിവരുമോ എന്നാണ് പലരും സംശയിക്കുന്നത്. ഡിജിപി സ്ഥാനം നഷ്ടമാകുന്ന ലോക്‌നാഥ് ബെഹ്‌റയെ ഇനി എവിടെ ഇരുത്തും എന്നതും വലിയ ചോദ്യമായി നിലനില്‍ക്കുന്നു.