സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിദിന കോവിഡ് കേസുകളിൽ തലസ്ഥാനത്ത് കുറവില്ല. തിരുവനന്തപുരം ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.
തിരുവനന്തപുരത്ത് ഐസിയു ബഡുകൾ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി , പാലക്കാട് ജില്ലകളിൽ കിടക്കകളുടെ ക്ഷാമമുണ്ടായേക്കാമെന്നും കരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്. കോട്ടയത്തും നിരക്ക് ഉയരാൻ സാധ്യതയുണ്ട്.
അതേസമയം ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള കണക്കുകളിൽ കുറവുണ്ട്. ഇത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. കേരളത്തിലാകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മൂന്നു ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി. മാസാവസാനത്തോടെ ചികിൽസയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷമായി കുറയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
എന്നാൽ കോവിഡ് വ്യാപന തോത് കൂടിയ ജില്ലകളിൽ ലോക്ക്ഡൗൺ തുടരണമെന്നാണ് ഐസിഎംആറിന്റെ നിർദ്ദേശം. ആറ് മുതൽ എട്ട് ആഴ്ചവരെ ലോക്ക്ഡൗൺ തുടരണമെന്നാണ്അഭിപ്രായപ്പെട്ടത്. നിലവിൽ രാജ്യത്ത് ആകെയുള്ള 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതൽ 10 ശതമാനം വരെയുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം. എന്നാൽ കർശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയായി നിലനിർത്താൻ സാധിക്കും.