ദുരന്തഭൂമിയായി രാജ്യതലസ്ഥാനം, മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണങ്ങൾ 5000 എന്ന നിലയിൽ ഉയരാം.ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ 20 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു.അതേസമയം രാജ്യതലസ്ഥാനത്ത് വന്‍ ദുരന്തം. ഓക്‌സിജന്‍ കിട്ടാതെ ദില്ലിയില്‍ കൂട്ടമരണം. ദില്ലിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ആണ് 20 രോഗികള്‍ ഓക്‌സിന്‍ കുറവ് കാരണം മരണപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപ്രി എംഡിയായ ഡികെ ബലൂജ ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.. ആശുപത്രിയിലുളള 200 രോഗികളുടെ അവസ്ഥയും അപകടത്തിലാണ് എന്നാണ് ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അരമണിക്കൂര്‍ കൂടിയുളള ഓക്‌സിജന്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ ക്ഷാമത്തിന്റെ വിവരം സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സമയം വേണ്ടി വരും എന്നാണ് മറുപടിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ 3600 ലിറ്റര്‍ ഓക്‌സിജന്‍ ആണ് എത്തേണ്ടിയിരുന്നത് എന്നാണ് ഡോ. ഡികെ ബലൂജ പറയുന്നു. എന്നാല്‍ ഉച്ചയ്ക്ക് 12 മണിയോടെ 1500 ലിറ്റര്‍ ഓക്‌സിജന്‍ മാത്രമാണ് ലഭിച്ചത്. 7 മണിക്കൂര്‍ ആണ് വൈകിയത് എന്നും ഡോക്ടര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന ദില്ലി ഒരാഴ്ചയിലേറെയായി കടുത്ത ഓക്‌സിജന്‍ ക്ഷാമം ആണ് അനുഭവിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടുക്കുമെന്നാണ് റിപ്പോർട്ട്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ പ്രതിദിന നിരക്കിൽ വൻ വർധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയിൽ ഇന്നലെ 66,836 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 773 പേര് മരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. ഇതിനിടയിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയിൽ പ്രതീക്ഷയുമായി ഓക്സിജൻ എക്സ്പ്രസ്സ് എത്തി. വിശാഖപട്ടണത്തു നിന്ന് ഏഴു ടാങ്കറുകളിലാണ് ഓക്സിജൻ നാഗ്പൂരിൽ എത്തിച്ചത്.

അതേസമയം, മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടുമെന്ന് അമേരിക്കൻ പഠനം മുന്നറിയിപ്പ് നൽകുന്നു. മെയ് പകുതിയോടെ ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണങ്ങൾ 5000 ന് മുകളിൽ ആകുമെന്നാണ് പഠനം പറയുന്നത്. അതായത്, ഏപ്രിലിനും ഓഗസ്റ്റിനും ഇടയ്ക്ക് രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്താകും.

യൂണിവേഴ്സ്റ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആന്റ് ഇവല്യൂഷൻ (IHME) ആണ് പഠനം നടത്തിയത്. ഏപ്രിൽ 15 ന് പുറത്തിറക്കിയ ‘COVID-19 projections’ എന്ന പഠന റിപ്പോർട്ടിലാണ് തീർത്തും ആശങ്കാജനകമായ മുന്നറിയിപ്പുകൾ ഉള്ളത്. ഇന്ത്യയിലെ വാക്സിനേഷൻ യജ്ഞങ്ങൾ കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടുമെന്ന പ്രതീക്ഷയും പഠനം പങ്കുവെക്കുന്നു.വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് പഠനത്തിൽ പറയുന്നത്. മെയ് പത്ത് ആകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണങ്ങൾ 56,00 ആയിരിക്കും. ഏപ്രിൽ 12 മുതൽ ഓഗസ്റ്റ് ഒന്നുവരെ 3,29,000 കോവിഡ് മരണങ്ങൾ ഉണ്ടായേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും.

പഠനം അനുസരിച്ച്, 2020 സെപ്റ്റംബർ മുതൽ 2021 വരെ ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലും കുറവ് കണ്ടിരുന്നു. എന്നാൽ ഇതിന് ശേഷം കോവിഡ് കേസുകളിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ മാസത്തോടെ ഇത് കുതിച്ചുയരാൻ തുടങ്ങി.

ഏപ്രിൽ ആദ്യ ആഴ്ച്ചയ്ക്കും രണ്ടാം ആഴ്ച്ചയ്ക്കും ഇടയിൽ പ്രതിദിന കോവിഡ് കേസുകളിൽ 71 ശതമാനവും പ്രതിദിന മരണ നിരക്കിൽ 55 ശതമാനവും വർധനവുണ്ടായി. കോവിഡ് കാലത്ത് അനുയോജ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വമ്പൻ ആൾക്കൂട്ടങ്ങളും മാസ്ക് ധരിക്കാത്തതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് കേസുകളിൽ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ഐഐടി ശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്. മെയ് 11-15 വരെ കോവിഡ് രണ്ടാം തരംഗത്തില്‍ സജീവകേസുകളുടെ എണ്ണം 33-35 ലക്ഷം വരെ ഉയരുമെന്നും മെയ് അവസാനത്തോടെ കുത്തനെ കുറയുമെന്നുമാണ് കണ്ടെത്തല്‍. അതേസമയം ഏപ്രില്‍ 25-30 ഓടെ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നും കാണ്‍പൂരിലെയും ഹൈദരാബാദിലെയും ഐഐടി ശാസ്ത്രജ്ഞര്‍ പറയുന്നു.

‘മെയ് 11-15 കാലയളവില്‍ രാജ്യത്ത് 33-35 ലക്ഷം സജീവകേസുകള്‍ ഉയരുമെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്നാല്‍ മെയ് അവസാനത്തോടെ ഈ വര്‍ദ്ധനവില്‍ കുറവുണ്ടാകും” ഐഐടി കാണ്‍പൂരിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

Top