സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികെയാണ്. കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെ ബാധിക്കുമെന്നാണ് ആരോഗ്യ വിദ്ഗധരുടെ റിപ്പോർട്ടുകൾ.
ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 12 വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മൂന്നാം തരംഗം വൈകിയാൽ മുഴുവൻ ജനങ്ങൾക്കും വാക്സിൻ കുത്തിവയ്ക്കാൻ ആറ് മുതൽ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്നും ഐസിഎംആർ കോവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ അറോറ വ്യക്തമാക്കി.
സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റോടെയോ ഈ വാക്സിൻ 1218 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കുത്തിവച്ച് തുടങ്ങാൻ സാധിക്കുമെന്നും അറോറ കൂട്ടിച്ചേർത്തു.
കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവായി മാറുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.