തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ യുഡിഎഫിനെ തകര്‍ത്തതിന് ബിജു രമേശിനോട് ഇടത് സര്‍ക്കാരിന് നന്ദിയുണ്ടാകും. അങ്ങനെയൊരു ഉപകാരം ചെയ്തു തന്നതിന് ബിജു രമേശിന് ഇടത് പ്രതിഫലം നല്‍കുമോ? ബിജു രമേശിന്റെ സഹോദരീ പുത്രനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിജു രമേശിന്റെ അനന്തരവനായ സിപി അഭിലാഷ് തിരുവനന്തപുരം ബാറിലെ അഭിഭാഷകനാണ്. അഭിലാഷിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിക്കാന്‍ സിപിഐ(എം)-സിപിഐ കക്ഷികള്‍ക്കിടയില്‍ ധാരണയായി. ബാര്‍ കോഴയില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയതിനുള്ള പ്രത്യുപകാരമായാണ് നിയമനമെന്നാണ് ആരോപണം.
കെഎം മാണിയെ പ്രതിരോധത്തിലാക്കിയ ബാര്‍ കോഴ ആരോപണമാണ് യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയത്. ഇതിനിടെയില്‍ സിപിഐ(എം) നേതാവായ വി ശിവന്‍കുട്ടിയുടെ വീട്ടിലെത്തി ബിജു രമേശ് ചര്‍ച്ചകള്‍ നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനുമായുള്ള പല കൂടിക്കാഴ്ചയും വിവാദത്തിലായി. ഇതിന് ശേഷം ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനുമായി വിവാഹ നിശ്ചയവും നടന്നു. ഈ വിവാഹത്തില്‍ രമേശ് ചെ്ന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തത് വിവാദവുമായി. അതിലുപരി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള എല്ലാ പ്രമുഖ സിപിഐ(എം)-സിപിഐ നേതാക്കളും ചടങ്ങിന് പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അഭിലാഷിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിക്കുന്നത്.
ജി രമേശന്‍ കോണ്‍ട്രാക്ടറുടെ മൂത്ത മകളാണ് ചിത്ര. രാജാധാനി ഗ്രൂപ്പിന്റെ ഉടമയായ രമേശന്‍ കോണ്‍ട്രാക്ടര്‍ക്ക് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ വരെയുള്ളവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മൂത്ത മകളെ ഐപിഎസുകാരനായ പ്രേംശങ്കറെ കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ കുടുംബവുമായി ഏറെ നാള്‍ ഒത്തുപോകാന്‍ പ്രേംശങ്കറിന് കഴിഞ്ഞിരുന്നില്ല. ഇത് ഏറെ കുടുംബ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രേംശങ്കറിനെ ബിജു രമേശ് നടുറോഡിലിട്ട് കൈയേറ്റം ചെയ്തതും വലിയ വിവാദമായി. ഇതോടെ പ്രേംശങ്കര്‍ വിവാഹം ബന്ധം ഉപേക്ഷിച്ചു. ഡിജിപി റാങ്കില്‍ വിരമിച്ച പ്രേംശങ്കറിന്റെ മകനാണ് അഭിലാഷ്.
ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പ്പെട്ട ശേഷം ബിജു രമേശാണ് ഇവരെ സംരക്ഷിച്ചിരുന്നത്. അഭിലാഷ് അടക്കമുള്ളവരുടെ വിദ്യാഭ്യാസവും മറ്റും ഉറപ്പാക്കിയതും ബിജു രമേശാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം ബാറിലെ യുവ അഭിഭാഷകനായ അഭിലാഷിന്റെ നിയമന ധാരണ വിവാദമാകുന്നത്. സര്‍ക്കാര്‍ അഭിഭാഷകനാകാനുള്ള മികവ് പ്രായോഗികതലത്തില്‍ അഭിലാഷിനില്ലെന്ന് പ്രമുഖ ഇടത് അനുകൂല അഭിഭാഷകര്‍ പോലും പറയുന്നു. ബിജു രമേശിന് ഭരണത്തിലുള്ള സ്വാധീനത്തിന് തെളിവാണെന്നും ആരോപിക്കുന്നു.
അഭിലാഷിന്റെ നിയമനകാര്യത്തില്‍ സിപിഐയ്ക്കും എതിര്‍പ്പില്ല. മന്ത്രിസഭാ തീരുമാനത്തിന് സിപിഎമ്മിന്റേയും പിന്തുണയുണ്ട്. ഇരു പാര്‍ട്ടികളുടേയും നേതൃത്വത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കുന്നത്. സര്‍ക്കാര്‍ വാദിയോ പ്രതിയോ ആകുന്ന കേസുകളിലാകും ഇവര്‍ക്ക് ഹാജരാകേണ്ടി വരിക. മൂന്ന് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കാറുള്ളത്. മാസാമാസം കൃത്യമായ ശമ്പളം ലഭിക്കുന്ന പദവിയാണ്. അതുകൊണ്ട് തന്നെ ഇടതു പക്ഷത്തെ പല പ്രമുഖരും സര്‍ക്കാര്‍ അഭിഭാഷകരുടെ പട്ടികയില്‍ കയറിക്കൂടാന്‍ സമ്മര്‍ദ്ദവുമായി രംഗത്തുണ്ടായിരുന്നു. ഇവരില്‍ പലരേയും തഴഞ്ഞാണ് അഭിലാഷിന്റെ നിയമനം.
അതിനിടെ ഇത് രാഷ്ട്രീയമായി തന്നെ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബാര്‍ കോഴയെന്നത് ഇടത് പക്ഷവും ബിജു രമേശും നടത്തിയ ഗൂഢാലോചനയാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി ബിജു രമേശ് മത്സരിച്ചിരുന്നു. മന്ത്രിയായിരുന്ന ശിവകുമാറിനെ തോല്‍പ്പിക്കാനായിരുന്നു ഈ മത്സരമെന്ന ആരോപണം അന്നും ഉയര്‍ന്നു. ഇടതുപക്ഷത്തെ പലവിധത്തില്‍ സഹായിച്ചതിന്റെ പ്രത്യുപകാരമാണ് അഭിലാഷിന്റെ നിയമനമെന്ന് വരുത്താനാണ് കോണ്‍ഗ്രസ് നീക്കം. കെ എം മാണിയും ഇടതു പക്ഷവും യോജിച്ചുള്ള പോരാട്ടത്തിന് തയ്യാറാടെക്കുന്ന സാഹചര്യത്തിലാണ് ഇത്.