കണ്ണൂർ: സിപിഎം പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണനെ സഹായിച്ചവർക്കെതിരെ സി.പി.എമ്മിൽ കൂട്ടനടപടി തുടങ്ങി . പയ്യന്നൂരിലെ പാർട്ടി നേതാവായിരുന്ന ടി. പുരുഷോത്തമനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. വരും ദിവസങ്ങളിൽ മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന് പാർട്ടിക്കുള്ളിൽ നിന്ന് സഹായം ലഭിച്ചെന്ന ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തലാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത് ടി. പുരുഷോത്തമനെതിരായ പ്രധാന ആരോപണമായി പാർട്ടി ഉന്നയിക്കുന്നു. സംഭവത്തിൽ പുരുഷോത്തമൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് പുറത്താക്കിയത്. കുഞ്ഞികൃഷ്ണന്റെ ഭാര്യ കോമളവല്ലിക്കെതിരെ നടപടി എടുക്കാൻ ഏരിയാ കമ്മിറ്റി നേരത്തെ ശുപാർശ നൽകിയിട്ടുണ്ട്.
നേരത്തെ ടി. പുരുഷോത്തമന്റെ മാവിച്ചേരിയിലെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും കാറിന് തീയിടുകയും ചെയ്ത സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു. എന്നാൽ തനിക്ക് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ പ്രതികരിക്കാമെന്നും പുരുഷോത്തമൻ വ്യക്തമാക്കി.










