തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പാർട്ടിക്ക് പുറത്ത് നിർത്താനുള്ള സിപിഐഎം തീരുമാനം മാറ്റമില്ലാതെ. 2020 ൽ ആണ് ബിനീഷിന്‍റെ അംഗത്വം മരവിപ്പിച്ചത്. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് സിപിഎം അംഗത്വം മരവിപ്പിച്ചത്.
2023 ൽ ബിനീഷ് കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ ബിനീഷ് നാലു തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം തുടർച്ചയായി ഈ അപേക്ഷ നിരസിക്കുകയായിരുന്നു.നാല് വര്‍ഷമായിട്ടും ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുനഃസ്ഥാപിച്ചില്ല. അംഗത്വം പുനഃസ്ഥാപിക്കാന്‍ നാല് തവണ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറി ആവശ്യം പരിഗണിക്കാതിരിക്കുകയായിരുന്നു.
ബിനീഷിനെ മാറ്റി നിർത്തുന്നത് എന്തിനെന്ന ചോദ്യം കഴിഞ്ഞ ദിവസം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നിരുന്നു. ബിനീഷ് നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടും പാർട്ടി എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതാണ് ഉയർന്ന ചോദ്യം. ആലോചിച്ച് തീരുമാനം എടുക്കാം എന്ന് മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി നൽകിയത്.
ബിനീഷ് കേസിൽപ്പെട്ട സമയത്ത് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിന്നിരുന്നു. കേസ് നടത്തിയതും കുടുംബമാണ്. കേസിൽ ബിനീഷിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും പാർട്ടി എന്തിന് മാറ്റിനിർത്തുന്നു എന്ന ചോദ്യമാണ് സിപിഎമ്മിന്‍റെ യോഗങ്ങളിൽ ഉയരുന്നത്.










