കമ്മീഷനെ പ്രതിസന്ധിയിലാക്കാന്‍ സര്‍ക്കാര്‍:കോടിയേരി

തിരുവനന്തപുരം:ശബരിമല തീര്‍ഥാടനകാലമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്രിഷ്ണന്‍ ആരോപിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍. ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഇതിന് സര്‍ക്കാര്‍ പിന്തുണനല്‍കുകയാണ് വേണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ശ്രമിച്ച് കമ്മീഷനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്താതെ മാറ്റിയാല്‍, നവംബര്‍ ശബരിമല തീര്‍ഥാടനകാലമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും മാറ്റിവയ്ക്കും. ഇത്തരത്തില്‍ അനിശ്ചിതകാലത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാവനുള്ള നീക്കമാണ് നടക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണംകൊണ്ടുവന്ന് ഇടതുപക്ഷ ഭരണമുള്ള പഞ്ചായത്തുകള്‍കൂടി പിടിക്കാനുള്ള യുഡിഎഫ് ശ്രമമാണിതിനുപിന്നില്‍. നിയമിക്കാനുള്ള അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ലിസ്റ്റ് തയാറാക്കിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ സിപിഐ എം പങ്കെടുത്ത് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ബാലസംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത് ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട പരിപാടിയല്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു. ഓണാഘോഷത്തിന്റെ സമാപനമാണ് സംഘടിപ്പിച്ചത്. എന്നാല്‍ അത് അഷ്ടമിരോഹിണിയുമായി ബന്ധപ്പെട്ടതാണെന്ന നിലയില്‍ വ്യാപകമായ പ്രചരണമാണ് ആര്‍എസ്എസ് നടത്തുന്നത്. ഹിന്ദു ആഘോഷങ്ങളെ ആര്‍എസ്എസ് സ്വന്തമാക്കാന്‍ശ്രമിക്കുകയാണ്. ജന്മാഷ്ടമി ദിവസം എന്നപോലെ ക്രിസ്തുമസ് ദിനത്തിലും നബിദിനത്തിലും മറ്റ് സംഘടനകള്‍ക്ക് പരിപാടികള്‍ നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top