ചരിത്രം കുറിക്കാനാവാതെ കേരളം കീഴടങ്ങി: പരാജയപ്പെട്ടത് ഉമേഷ് യാദവിന് മുന്നിൽ

സ്‌പോട്‌സ് ഡെസ്‌ക്

വയനാട്: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുൻ ചാമ്പ്യൻമാരായ വിദർഭയ്ക്ക് മുന്നിൽ കേരളത്തിന് കനത്ത തോൽവി.  ഗ്രൂപ്പിലെയും ക്വാർട്ടറിലെയും പോരാട്ട വീര്യം വിദർഭയുടെ പേസ് പടയ്ക്ക് മുന്നിൽ മറന്നു വച്ച കേരളം ഒരു ഇന്നിംഗ്‌സിനും 11 റണ്ണിനും തോൽവി സമ്മതിച്ചു. രണ്ട് ഇന്നിംഗ്‌സിലുമായി പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം ഉമേഷ് യാദവാണ് കേരളത്തെ കൂട്ടക്കൊല ചെയ്തത്.

സ്‌കോർ

കേരളം – 106, 91
വിദർഭ – 208

രണ്ടു ദിവസം മാത്രം നീണ്ടു നിന്ന രഞ്ജി ട്രോഫി സെമിയിൽ ബാറ്റ്‌സ്മാൻമാർക്ക് കാര്യമായ റോളില്ലായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ ഏഴു വിക്കറ്റുമായി കേരളത്തിന്റെ നട്ടെല്ലൊടിച്ച ഉമേഷ് യാദവ് രണ്ടാം ഇന്നിംഗ്‌സിൽ അഞ്ചു വിക്കറ്റും വീഴ്ത്തി. 171 ന് അഞ്ച് എന്ന നിലയിൽ ആദ്യ ദിനം ബാറ്റിംഗ് അവസാനിപ്പിച്ച വിദർഭയെ 208 ന് കേരളം പുറത്താക്കുകയായിരുന്നു. കേരളത്തിനു വേണ്ടി പേസർ നന്ദീപ് വാരിയർ അഞ്ചും, ബേസിൽ തമ്പി മൂന്നും, എം.ഡി നിധീഷ്് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‌സിൽ 102 റണ്ണിന്റെ ലീഡുമായാണ് വിദർഭ ബാറ്റിംഗ് അവസാനിപ്പിച്ചത്. പ്രതീക്ഷയോടെ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ പ്രതിരോധം 28 റണ്ണിൽ തീർന്നു. ജലജ് സക്‌സേന പുറത്തായതിനു പിന്നാലെ, 59 ൽ വിഷ്ണു വിനോദിന്റെ വിക്കറ്റ് തെറിച്ചു. ഏഴു റണ്ണെടുക്കുന്നതിനിടെ പിന്നെ തെറിച്ചത് ആറു വിക്കറ്റുകൾ. 59 ന് രണ്ട് എന്ന നിലയിൽ നിന്നും 66 ന് ഏഴ് എന്ന നിലയിലായി കേരളത്തിന്റെ ബാറ്റിംഗ് നിര. 73 ന് എട്ട്, 85 ന് ഒൻപത് എന്ന നിലവരെ തകർന്നടിഞ്ഞ കേരളം, 91 ൽ ഓൾ ഔട്ടായി. ഒപ്പം ചരിത്രത്തിൽ ആദ്യമായി സെമിയിൽ എത്തി പുറത്തായി.
കേരളത്തിന്റെ മൂന്ന് ബാറ്റ്‌സ്മാൻമാർ മാത്രമാണ് രണ്ടാം ഇന്നിംഗ്‌സിൽ രണ്ടക്കം കടന്നത്. അരുൺ കാർത്തിക് (33 പന്തിൽ 36), വിഷ്ണു വിനോദ് (28 പന്തിൽ 15), ഷിജോമോൻ ജോസഫ് (21 പന്തിൽ 17) എന്നിവർ മാത്രമാണ് പിടിച്ചു നിന്നത്.

Latest