‘അപ്പന്‍റെ സമ്പാദ്യത്തിൽ കുറെയിങ്ങ് തരണം, അല്ലെങ്കിൽ കൊലക്കേസിൽ പ്രതിയാകാൻ തയ്യാറായിക്കോ…

നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് സിഐ പണം തട്ടിയത് മകന്‍ പൊലീസാണെന്നറിയാതെ. പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറുടെ മകനില്‍ നിന്ന് നെടുങ്കണ്ടം സിഐയും എഎസ്ഐയും ഒരുലക്ഷം രൂപ തട്ടിയത്. കൈക്കൂലി നല്‍കിയ ആളുടെ മകന്‍ സംഭവം അറിഞ്ഞതോടെ സ്ഥിതി വഷളാവുകയായിരുന്നു. ഹൈറേഞ്ച് മേഖലയിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മകനിടപെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിഐ ബി. അയൂബ്ഖാന്‍, എഎസ്ഐ സാബു.എം.മാത്യു എന്നിവരെ സ്ഥലംമാറ്റിയിരുന്നു. സിഐ പണംകൈപ്പറ്റിയത് പൊലീസ് സ്റ്റേഷനില്‍ വച്ചു തന്നെയാണെന്നാണ് പരാതി.

വിജിലന്‍സ് പിടിക്കുമെന്ന ഭയത്താല്‍ ചുറ്റുപാടും നിരീക്ഷിച്ച് അതീവ സൂക്ഷ്മത പുലര്‍ത്തിയാണ് പണം കൈപ്പറ്റിയതെന്നും പരാതിയിലുണ്ട്. ഈ പണത്തിന്റെ ഒരു വിഹിതം അഡീഷനല്‍ എസ്ഐക്കു കൈമാറിയെന്നാണു സൂചന.
സെപ്റ്റംബര്‍ ആറിനാണ് മീരാന്‍ റാവുത്തറെ വീടിനുള്ളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഫൊറന്‍സിക് പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ ആത്മഹത്യ കൊലപാതകമാക്കുമെന്ന സിഐയുടെ ഭീഷണിയെ തുടര്‍ന്ന് കൊലപാതകക്കേസില്‍ പ്രതിയാകുമെന്ന ഭയത്താല്‍ ഇദ്ദേഹം പണം നല്‍കി. എന്നാല്‍ പിതാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മകന്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയും ജില്ലാ പൊലീസ് മേധാവിയെ പരാതിയുമായി സമീപിക്കുകയുമായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്നു മീരാന്‍ റാവുത്തര്‍. ഇത് മനസ്സിലാക്കിയ ശേഷമാണ് പദവി ദുരുപയോഗപ്പെടുത്തി എസ്‌ഐ നാണംകെട്ട് കൈക്കൂലി ആവശ്യപ്പെട്ടത്.

”അപ്പന്‍ പണം സമ്പാദിച്ചുവച്ചിട്ടുണ്ടല്ലോ, കുറെയിങ്ങു തരണം അല്ലെങ്കില്‍ കൊലക്കേസില്‍ പ്രതിയാകാന്‍ തയാറായിക്കോ..” എന്നായിരുന്നു ഭീഷണി.
എന്നാല്‍ ഇയാളുടെ മകന്‍ പൊലീസിലാണെന്നറിയാതെ നടത്തിയ ഈ ഭീഷണി പിന്നീട് വിനയാവുകയായിരുന്നു. മകന്‍ ഇടപെട്ട് പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ഡിവൈഎസ്പി പി.സുകുമാരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പണം കൈപ്പറ്റിയതിനു തെളിവു ലഭിച്ചതോടെയാണു സിഐയെയും എഎസ്ഐയെയും സ്ഥലം മാറ്റിയത്.

സംഭവം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്ത സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ രാജേന്ദ്രക്കുറുപ്പിനെ നടപടിയുടെ ഭാഗമായി എആര്‍ ക്യാമ്പിലേക്ക് തീവ്രപരിശീലന കോഴ്സിനായും അയച്ചിട്ടുണ്ട്. അതേസമയം സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ കൊച്ചി റേഞ്ച് ഐജിയോടു ശുപാര്‍ശ ചെയ്തിട്ടുള്ളതായാണ് സൂചന.

Top