നേതാക്കളെ മെരുക്കാന്‍ ഹൈക്കാമാന്റ്; വിഭാഗീയത അവസാനിപ്പിക്കാന്‍ നേതാക്കളോട് നിര്‍ദ്ദേശം; എല്ലാം തുറന്ന് പറഞ്ഞ് കെ സുധാകരന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അനൈക്യമുണ്ടാക്കുന്നത് നേതാക്കള്‍ തന്നെയാണെന്ന് തുറന്നടിച്ച് കെ സുധാകരന്‍.നേതാക്കളാണ് പാര്‍ട്ടിക്ക് അകത്ത് അനൈക്യം ഉണ്ടാക്കുന്നത്. അനൈക്യം പറഞ്ഞു ശരിയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിലെ നേതാക്കളെ ഇന്ന് ഡല്‍ഹിയില്‍ വിളിച്ച് പ്രത്യേകം ഹൈക്കമാന്റ് നേതാക്കള്‍ കണ്ടതിനുശേഷമാണ് സുധാകരന്റെ ഈ വെളിപ്പെടുത്തല്‍.

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് ഒരുങ്ങി ഇറങ്ങുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ നേതാക്കള്‍ തമ്മില്‍ ഒരുമില്ലാതെ നില്‍കുന്ന കാര്യം ചൂണ്ടിക്കാട്ടി കെ സുധാകരന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രശ്നങ്ങള്‍ തീര്‍ക്കുമെന്ന് ഹൈക്കമാന്‍ഡും വ്യക്തമാക്കി. അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. അനൈക്യം പറഞ്ഞു ശരിയാക്കിയില്ലെങ്കില്‍ എല്ലാം വെള്ളത്തിലാകുമെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. ഒരു പാര്‍ട്ടിയാകുമ്പോള്‍ ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുന്നത് തര്‍ക്കമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കേരളത്തിലെ പ്രശ്‌നങ്ങള്‍ കെ സുധാകരന്‍ പറഞ്ഞതായി ഹൈക്കമാന്റ് നേതാക്കളും വ്യക്തമാക്കി. ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് എഐസിസി നിര്‍ദേശിച്ചു. നിര്‍ണായകമായ രണ്ട് തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി അടിയന്തിര യോഗം വിളിച്ചത്. ഭാരവാഹി പട്ടികയില്‍ തഴഞ്ഞതില്‍ കടുത്ത അതൃപ്തി നേരത്തെ പരസ്യമാക്കിയ നേതാക്കളെ അടക്കം മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും പ്രത്യേകം പ്രത്യേകം കണ്ടു.

പുനഃസംഘടന, കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഇറക്കാത്തത്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ നിയമനം തുടങ്ങിയവയില്‍ നേതാക്കള്‍ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ലെന്ന പരാതി ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും പ്രവര്‍ത്തന ശൈലിക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നു. സുധാകരന്‍ ചര്‍ച്ചയില്‍ ചിലത് പറഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും സ്ഥിരീകരിച്ചു. നേതാക്കളെ വിശ്വാസത്തില്‍ എടുത്തു മുന്നോട്ട് പോകുമെന്നും കേരളത്തില്‍ വിജയം ഉറപ്പെന്നും ഖര്‍ഗെ പറഞ്ഞു.

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടുമോ എന്ന ചോദ്യത്തെ ഖര്‍ഗെ ചിരിച്ചു തള്ളി. അത് പറയേണ്ടത് തന്റെ ഉത്തരവാദിത്തം അല്ലെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. നവംബര്‍ ഒന്നിന് ഔദ്യോഗികമായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം ഇടാന്‍ എഐസിസി നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് അവതരിപ്പിച്ച പ്രചാരണ പദ്ധതി ചില ഭേദഗതികളോടെ എഐസിസി അംഗീകരിച്ചു.

 

 

 

Top