ദില്ലി: ബിജെപി അധികാരത്തില്‍ വന്നതിനുപിന്നാലെ ദളിതര്‍ അനുഭവിച്ച അവഗണനയും അക്രമവും ചെറുതല്ല. ബിജെപിയോടുള്ള പ്രതിഷേധം ദളിതര്‍ കാണിച്ചതിങ്ങനെ. 12,000പേര്‍ നിരന്നുനിന്ന പ്രക്ഷോഭ റാലിയാണ് ദളിതര്‍ സംഘടിപ്പിച്ചത്. തങ്ങളുടെ ശക്തി വലുതാണെന്നിം കരുതിയിരുന്നോളൂ എന്നുമായിരുന്നു ദളിതരുടെ വെല്ലുവിളി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി കാണിച്ചുതരാമെന്ന മുന്നറിയിപ്പുമായാണ് ദലിതര്‍ സബര്‍മതിയില്‍ ഒത്തുചേര്‍ന്നത്. ഉന സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദളിതര്‍ പ്രക്ഷോഭം നടത്തുന്നത്.
ചത്ത കന്നുകാലികളെ നീക്കംചെയ്യുന്ന പരമ്പരാഗത തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ദളിത് നേതാവും പരിപാടിയുടെ കണ്‍വീനറുമായ ജിഗ്നേശ് മേവാനി അണികളോട് ആഹ്വാനംചെയ്തു. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന തൊഴിലില്‍നിന്നും വിട്ടുനില്‍ക്കണം. കൃഷിചെയ്യാന്‍ സര്‍ക്കാര്‍ നിലങ്ങള്‍ നല്‍കുംവരെ ഈ തൊഴിലുകള്‍ ചെയ്യരുതെന്നും തങ്ങള്‍ക്ക് മാന്യമായി ജീവിക്കണമെന്നും ജിഗ്നേശ് മേവാനി പറഞ്ഞു.
ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണിച്ചുതരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പട്ടേല്‍ സംവരണ നേതാക്കളുമായി നടത്തിയതുപോലെ സര്‍ക്കാര്‍ തങ്ങളുമായും വട്ടമേശ ചര്‍ച്ചക്ക് തയാറാവണമെന്ന് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് മേവാനി പറഞ്ഞു. ദളിത് യുവാക്കള്‍ ആക്രമണത്തിനിരയായ ഉനയില്‍നിന്ന് ഓഗസ്റ്റ് അഞ്ചിന് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.