കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. ഇന്നലെ രാത്രിയാണ് ജോര്‍ജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോര്‍ജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മരിച്ചയാളെ പരിചയമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്‌റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നല്‍കുന്നത്. താന്‍ ചാക്ക് വാങ്ങിയെന്നും എങ്ങനെ കടയില്‍ എത്തിയെന്ന് അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു.
ശരീരം കയറില്‍കെട്ടി റോഡില്‍ തള്ളാനായിരുന്നു പദ്ധതി. മദ്യപിച്ച് അവശനായതിനാല്‍ ഇതിനു കഴിഞ്ഞില്ല. മൃതദേഹത്തിന് അരികിലിരുന്ന് ജോര്‍ജ് ഉറങ്ങിപോയി. പുലര്‍ച്ചെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ജോര്‍ജ് അടുത്തിരുന്ന് ഉറങ്ങുകയായിരുന്നു. തൊഴിലാളികളാണ് പൊലീസിനെയും ജനപ്രതിനിധികളെയും വിവരമറിയിച്ചത്.


