
സ്വന്തം ലേഖകന്‍
മധ്യപ്രദേശ് :പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. പന്ത്രണ്ടോ അതില്‍ത്താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്നതിനുള്ള ബില്‍ മധ്യപ്രദേശ് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. നിയമമന്ത്രി രാംപാല്‍ സിങ്ങാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
ഭരണകക്ഷിയായ ബി.ജെ.പി.യും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ കൈകോര്‍ത്താണ് ബില്‍ പാസാക്കിയത്. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്‍ അയക്കേണ്ടതുണ്ട്. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ഇത് നിയമമാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗമാണ് നവംബര്‍ 26 ന് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്.സ്ത്രീ സുരക്ഷയില്‍ ഏറെ പിറകിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ രണ്ടു മണിക്കൂറിലും ഓരു സ്ത്രീ മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയാകുന്നു. 2016 ഫെബ്രുവരി ഒന്നുമുതല്‍ 2017 ഫെബ്രുവരി ഒന്നുവരെ 4279 സ്ത്രീകള്‍ ബലാത്സംഗത്തിനും 248 സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനും ഇരകളായിട്ടുണ്ട്. ബലാത്സംഗത്തിന് ഇരകളായവരില്‍ 2260 പേരും പ്രായപൂര്‍ത്തി ആകാത്തവരാണെന്നും കണക്കുകള്‍ കാണിക്കുന്നു.