വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമര്‍ദമായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച്‌ ന്യൂനമര്‍ദ്ദം നാളെ രൂപപ്പെട്ടേക്കും.

മധ്യ-തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരക്കെ മഴയുണ്ടായേക്കും. എന്നാല്‍ അതിതീവ്ര മഴയുണ്ടായേക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീരദേശമേഖലയിലായിരിക്കും കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും വരും മണിക്കൂറുകളിലേ വ്യക്തമാകൂ എന്നും അധികൃതര്‍ അറിയിച്ചു.

പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ഹിമാലയന്‍ മലനിരകള്‍ക്ക് സമാന്തരമായി സഞ്ചരിക്കുമെന്നാണ് കരുതുന്നതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ കേരള വെതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ബുധന്‍ മുതല്‍ വെള്ളി വരെ മഴ പ്രതീക്ഷിക്കാം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലും, എറണാകുളം മുവാറ്റുപുഴ ഭാഗത്തും കോട്ടയത്തിന്‍റെ കിഴക്കൻ മേഖലയിലും ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും കേരള വെതര്‍ പ്രവചിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വയനാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിമേഖലകളിലൊഴിച്ച് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ഈ ചുഴി ന്യൂനമര്‍ദ്ദമായി വികാസം പ്രാപിക്കും. ഇതേതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ഒഡീഷ, ജാര്‍ഖണ്ഡിന്‍റെ തെക്കന്‍ ഭാഗങ്ങള്‍, ചത്തീസ്ഗഢിന്‍റെ വടക്കന്‍ ഭാഗങ്ങള്‍, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കാര്യമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.

Top