ന്യൂഡല്‍ഹി:ജെഎന്‍യു തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണത്തിന് ശക്തി പകര്‍ന്ന് ആഭ്യന്തര മന്ത്രാലയം.വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ഡല്‍ഹി പോലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നു. കനയ്യ കുമാര്‍ ഏതെങ്കിലും വിധത്തിലുള്ള പ്രകോപനപരമായ പ്രസംഗം നടത്താനോ ഇടയില്ലെന്നും സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മന്ത്രാലയം വ്യക്തമാക്കി.
കനയ്യ കുമാറിനെതിരായ ഡല്‍ഹി പോലീസിന്റെ നടപടി അമിത ആവേശത്തിലായിരുന്നുവെന്നും ദേശദ്രോഹം അടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയത് തെറ്റാണെന്നുമുള്ള നിലപാടിലാണ് അധികൃതര്‍. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് നടക്കുന്ന സ്ഥലത്ത് കനയ്യ കുമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ദേശവിരുദ്ധമായ മുദ്രാവാക്യമോ ദേശവിരുദ്ധമായ പ്രസംഗമോ നടത്താനിടയില്ലെന്നും സുരക്ഷാ ഏജന്‍സികള്‍ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ദേശവിരുദ്ധമായ മുദ്രാവാക്യം വിളിച്ചത് സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് യൂണിയന്‍ (ഡി.എസ്.യു) ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. എന്നാല്‍ കനയ്യ കുമാര്‍ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനാണ്. പരിപാടിയിലേക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് പോസ്റ്ററുകള്‍ ഇറക്കിയത് ഡി.എസ്.യു നേതാക്കളുടെ പേരിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ജെ.എന്‍.യുവില്‍ നടന്ന പരിപാടിക്ക് രാഷ്ട്രീയ തടവുകാരെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതി (സി.ആര്‍.പി.ആര്‍)യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഡല്‍ഹി മുന്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ എസ്.എ.ആര്‍ ഗീലാനിയാണ് ഈ സമിതിയുടെമേധാവി. ഇദ്ദേഹത്തെയും കഴിഞ്ഞ ദിവസം രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു.
കനയ്യ കുമാറിന്റെ അറസ്റ്റു സംബന്ധിച്ച് ഡല്‍ഹി പോലീസും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും നല്‍കിയ വിശദീകരണം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍