ഭീകരവാദിയല്ല എല്ലാം കെട്ടുകഥകള്‍’: ഉമര്‍ ഖാലിദ് ജെഎന്‍യുവില്‍; അറസ്റ്റിന് തയ്യാറെന്ന് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി:ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് ഉമ്മര്‍ ഖാലിദ്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു ഉമ്മര്‍. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവരുള്‍പ്പെടെ ആറ് പേരാണ് കാമ്പസിലെത്തിയത്. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത ഇവര്‍ തീവ്രവാദവുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നും കെട്ടുകഥകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും വ്യക്തമാക്കി.

ഇന്നലെ രാത്രി 11 മണിയോടെയാണ് വിദ്യാര്‍ഥികള്‍ ക്യാമ്പസിലെത്തിയത്. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം അര്‍ധരാത്രി ക്യാമ്പസില്‍ തടിച്ചുകൂടിയ അഞ്ഞൂറോളം പേരെ അഭിസംബോധന ചെയ്ത വിദ്യാര്‍ഥികള്‍ തീവ്രവാദവുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. തങ്ങള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന് അറിയിച്ച വിദ്യാര്‍ഥികള്‍ പൊലീസ് കെട്ടു കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു. ‘എന്റെ പേര്‍ ഉമര്‍ ഖാലിദ്, ഞാന്‍ ഭീകരവാദിയല്ല’ എന്ന് പറഞ്ഞ് സംസാരം തുടങ്ങിയ ഉമര്‍ ഖാലിദ് കാമ്പസ് കാലത്ത് ഒരിക്കലും താനൊരു മുസ്‌ലിമാണെന്ന് തനിക്കു തോന്നിയിട്ടില്ലെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മുസ്ലിമാണെന്നും ഭീകരവാദിയാണെന്നും ജെയ്‌ശെ മുഹമ്മദ് അംഗമാണെന്നുമൊക്കെ പ്രചരിപ്പിക്കപ്പെടുകയാണെന്ന് ഉമര്‍ വ്യക്തമാക്കി.
അറസ്റ്റിന് തയ്യാറായാണ് വിദ്യാര്‍ഥികള്‍ കാമ്പസിലെത്തിയത്. തങ്ങള്‍ക്കെതിരെ സമന്‍സ് ഇല്ല എന്നും നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാനായി വന്‍ പൊലീസ് സന്നാഹം സര്‍വകലാശാലാ ക്യാമ്പസിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. ക്യാമ്പസില്‍ പ്രവേശിക്കാന്‍ വിസി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാത്രി 2 മണിയോടെ പൊലീസ് തിരിച്ചുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതേ കുറ്റത്തിന് ജെഎന്‍യു യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ ഈ മാസം 12ന് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ക്യാമ്പസിനകത്തും പുറത്തും വന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്

Top