തിരുവനന്തപുരം:ഐ.പി.എസ.ഉദ്യോഗസ്‌ഥര്‍ക്ക് അച്ചടക്കം പരമപ്രധാനമാണെന്നു ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്‌റ്റ്. സര്‍ക്കാരും ഡി.ജി.പി: ജേക്കബ് തോമസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിനിടയിലാണ് അച്ചടക്കത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഡി.ജി.പി. രംഗത്തെത്തിയത്.അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടം അനുസരിച്ച് മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് മറികടന്ന് ചില കാര്യങ്ങളില്‍ തന്റെ സ്വന്തം നിലപാട് മാധ്യമങ്ങളെ അറിയിക്കുന്നത് ഇത്തരം പെരുമാറ്റച്ചട്ടങ്ങളുടെ നിഷേധമാണെന്നും ഡിജിപി ടി.പി. സെന്‍കുമാര്‍.
അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലിട്ട പോസ്റ്റിനെതിരെ നിരവധിപേര്‍ പ്രതികരിച്ചതോടെയാണ് വിശദീകരണവുമായി ഡിജിപി വീണ്ടും രംഗത്തെത്തിയത്. ധാര്‍മികരോഷമുണ്ടെങ്കില്‍ കേജ്‌രിവാളിനെപ്പോലെ പുറത്തുപോയി പുതിയ പാര്‍ട്ടി ഉണ്ടാക്കി മത്സരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.1968 ലെ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ഒരു ഭാഗമാണ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തത്. സര്‍വീസ്‌ചട്ടമാണ് പോസ്‌റ്റ് ചെയ്‌തതെങ്കിലും അച്ചടക്കത്തെക്കുറിച്ച് വിശദീകരിക്കുന്ന ഈ ഭാഗം ജേക്കബ് തോമസിനുളള മറുപടിയാണ്. താന്‍ വിശദീകരണം നല്‍കാന്‍ എന്ത് അച്ചടക്കലംഘനമാണ് നടത്തിയതെന്നു ഡി.ജി.പി: ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. അതിനു മറുപടിയായാണ് എന്താണ് അച്ചടക്കം എന്ന് ഓര്‍മ്മിപ്പിക്കുന്ന ഡി.ജി.പിയുടെ പോസ്‌റ്റ്. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരിനെയോ സര്‍ക്കാര്‍നയങ്ങളോ മാധ്യമങ്ങളോട് വിവരിക്കുന്നതും സര്‍ക്കാരിനെതിരായി ഏതെങ്കിലും തരത്തിലുളള രേഖകള്‍ സ്വന്തംപേരിലോ തൂലികാനാമത്തിലോ പ്രസിദ്ധീകരിക്കുന്നതും ചട്ടവിരുദ്ധമാണ്. ഡി.ജി.പിയുടെ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടയുടന്‍തന്നെ നിരവധിപേര്‍ പ്രതികരണവുമായി രംഗത്തെത്തി.