മാനഹാനിയെ തുടര്‍ന്ന് ബികോം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍  

ചിക്കമംഗലൂരു :മാനഹാനിയെ തുടര്‍ന്ന് ബികോം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. കര്‍ണ്ണാടകയിലെ ചിക്കമംഗലൂരു സ്വദേശിനി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുവമോര്‍ച്ച നേതാവ് അനില്‍ അറസ്റ്റിലാവുന്നത്. മൂന്ന് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ വീടിനകത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പ്രദേശത്തെ ഒരു സ്വകാര്യ കോളജിലെ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. സന്തോഷ് എന്ന യുവാവുമായി പെണ്‍കുട്ടി വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്തതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ അടുത്തിടെ ചിക്കമംഗലൂരു ഭാഗങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘എനിക്ക് മുസ്‌ലിംങ്ങളെ ഇഷ്ടമാണെന്നും നിങ്ങള്‍ ആരാണ് എന്റെ ജീവിതത്തില്‍ അഭിപ്രായം പറയാനെന്നുമായിരുന്നു’ ധന്യശ്രി ചാറ്റിംഗില്‍ സന്തോഷിനോട് പറഞ്ഞത്. എന്നാല്‍ ഈ ചാറ്റിംഗിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സമുദായ സംഘടനകളുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. ഇതിനിടയില്‍ അനില്‍ ധന്യശ്രീയുടെ പിതാവിനെ കണ്ട് പെണ്‍കുട്ടിയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. വ്യാപകമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യയെ തുടര്‍ന്ന് ധന്യശ്രീയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അനിലിനെ അറസ്റ്റ് ചെയ്യുന്നത്. അതേ സമയം പെണ്‍കുട്ടി ചാറ്റ് ചെയ്ത സന്തോഷ് ആരാണെന്നതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ഇതുവരെയായും ലഭിച്ചിട്ടില്ല.

Top