തളത്തില്‍ ദിനേശനും ശോഭയും വീണ്ടുമെത്തുന്നു; ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിനും നയന്‍സും ഒന്നിക്കുന്നു

ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രമെന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും വെളളിത്തിരയില്‍ എത്തുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ഇരുകഥാപാത്രങ്ങളും വീണ്ടും എത്തുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷത്തിലെത്തുന്നു. നടന്‍ അജു വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായി സംവിധായകന്റെ കുപ്പായമണിയുമ്പോള്‍ പ്രധാന കഥാപാത്രങ്ങളുടെ പേര് ധ്യാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നായകന്‍ തളത്തില്‍ ദിനേശന്‍, നായിക ശോഭ. അച്ഛന്‍ ശ്രീനിവാസന്റെ കഥാപാത്രങ്ങളില്‍ ഏറെ പ്രിയപ്പെട്ടതിനാലാണ് ധ്യാന്‍ ഇരുവരെയും വീണ്ടും വെളളിത്തിരയില്‍ എത്തിക്കുന്നത്. ദിനേശനായി നിവിന്‍ പോളിയും ശോഭയായി നയന്‍താരയുമാണ് വേഷമിടുന്നത്.nivin -dhyan

എന്നാല്‍ ഈ ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമോ റീമേക്കോ അല്ലെന്ന് ധ്യാന്‍ പറഞ്ഞു. ചെന്നൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളി കൂട്ടുക്കെട്ടിലെത്തിയ തട്ടത്തിന്‍ മറയത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Top