ദില്ലി: ഇന്ത്യയുമായി ഇനിയൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പറഞ്ഞ പാകിസ്താന്‍ നിലപാട് മാറ്റുന്നു. ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുമെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാക് ഹൈക്കമ്മീഷണര്‍ കഴിഞ്ഞാഴ്ചയാണ് അറിയിച്ചത്. ഇതോടെ പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് പാകിസ്താനിലേക്ക് കടക്കാന്‍ സാധിച്ചില്ല.
ഇതോടെ വിമര്‍ശനങ്ങളുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. ഒടുവില്‍ പാക് സര്‍ക്കാര്‍ നിലപാട് മാറ്റി. ഇന്ത്യയുമായുള്ള കൂടിയാലോചനകള്‍ക്ക് വാതില്‍ തുറന്നുക്കൊടുക്കുകയാണെന്ന് പാക് വിദേശ്യകാര്യ മന്ത്രാലയം വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ചര്‍ച്ചകളാണ് ഏറ്റവും നല്ല മാര്‍ഗം. രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള മാര്‍ഗമാണ് നയതന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ തുടരണം. എന്നാല്‍ അത് മുന്‍കൂര്‍ ധാരണകളോ തീരുമാനങ്ങളോ ഇല്ലാതെയായിരിക്കണം. ഇരു രാജ്യങ്ങളും തമ്മില്‍ നല്ലബന്ധം തുടരുന്നുണ്ട്. എല്ലാ നടപടിക്രമങ്ങളും നടപ്പായാല്‍ സെക്രട്ടറിതല ചര്‍ച്ചകളും മുടക്കം കൂടാതെ നടക്കുമെന്നും നഫീസ് പറഞ്ഞു.
ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് അറിയിച്ചത്. സെക്രട്ടറിതല ചര്‍ച്ചകള്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ മാറ്റിവയ്ക്കുകയായിരുന്നു.