ന്യൂഡൽഹി:വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം ദുഃഖവും അപമാനവുമാണെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു.
പാർലമെൻറിന് പകരം തെരുവുകളിലുള്ള ജനങ്ങൾ നിയമമുണ്ടാക്കാൻ തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാഷ്ട്രമായി മാറും. അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്നവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിൻറെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കുമ്പോൾ ലാത്തി മാത്രമാണ് ഏക പരിഹാരം. ഏകാധിപത്യം മാത്രമാണ് ഏറ്റവും നല്ല തീരുമാനമെന്ന് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ പറഞ്ഞു.
രാജ്യത്തെ അബിസംബോധന ചെയ്യവെ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്. നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്റെ തീരുമാനമെന്നും മോദി പറഞ്ഞു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. പാർലമെൻറിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.