ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.മൂന്നാം നാൾ ദിലീപിന് നിർണായകം

കൊച്ചി:നടിയെ ആക്രമിച്ച കേസ് അന്വോഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചന കേസിൽ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോടതി ചോദ്യം ചെയ്യലിനായി അനുവദിച്ചു സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലാകും ഇന്ന് ഉണ്ടാവുക.രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യല് അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ചോദ്യം ചെയ്യലിന്‍റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാ‍ന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും ഒഴിവാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‍റെ ആവശ്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളും ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂർ ദിലീപിനെ ഒറ്റക്കിരുത്തി എസ് പി മോഹന ചന്ദ്രൻ ചോദ്യം ചെയ്തിരുന്നു. റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിരിന്നു ദിലിപീനോടുള്ള ചോദ്യങ്ങൾ.രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ റിപ്പബ്ലിക് ദിനമായതിനാല്‍ ഹൈക്കോടതി അവധിയാണ്. കേസിന്‍റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപകേഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. ഗൂഡാലോചനയിൽ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി വിധി പുറപ്പെടുവിക്കും.

അതേസമയം ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ തന്നെയാണെന്ന് സംവിധായകൻ റാഫി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകിയതിന് ശേഷമായിരുന്നു റാഫിയുടെ പ്രതികരണം. ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല. പക്ഷേ പിക് പോക്കറ്റ് സിനിമ നീണ്ട് പോകുന്നതിൽ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു. എന്തു കൊണ്ടാണ് സിനിമയിൽ നിന്നും പിൻമാറിയതെന്നതിനെകുറിച്ച് അറിയില്ല. പിൻമാറിയെന്ന് മാത്രമാണ് തന്നെ വിളിച്ചറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറിയത് താനായിരുന്നുവെന്ന ദിലീപിന്‍റെ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് റാഫിയുടെ വെളിപ്പെടുത്തൽ. ജയിലിൽ നിന്നിറങ്ങിയ ശേഷം പോക്കറ്റടിക്കാരന്‍റെ റോൾ ചെയ്യുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് ബാലചന്ദ്രകുമാറിനെ അറിയിച്ചിരുന്നുവെന്നും ഇതിനെറെ ദേഷ്യത്തിലാണ് ബാലചന്ദ്രകുമാർ കള്ളപരാതി നൽകിയത് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

അതിനിടെ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കാര്യങ്ങളെല്ലാം സുനിൽ കുമാർ തുറന്ന് പറയമെന്ന് സുനിൽ കുമാറിൻ്റെ അമ്മ വ്യക്തമാക്കി. സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമായിരുന്നു ശോഭനയുടെ പ്രതികരണം. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്ന് സുനിൽ കുമാർ പറഞ്ഞു. ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണ് വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിചാരണ ആറുമാസം നീട്ടണം എന്നായിരുന്നു സര്‍ക്കാറിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയില്‍ ആവശ്യപ്പെട്ടത്.

പ്രോസിക്യൂഷന്‍ ആവശ്യം ശക്തമായി എതിര്‍ത്ത ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കേസില്‍ മാധ്യമവിചാരണയാണ് നടക്കുന്നതെന്ന് ആരോപിച്ചു. വിചാരണ നീട്ടി കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആദ്യം ജഡ്ജിയെ മാറ്റാനായിരുന്നു ശ്രമിച്ചതെന്നും ആരോപിച്ചായിരുന്നു റോത്തഗി പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്തത്. ജഡ്ജിയെ മാറ്റുന്നതില്‍ പരാജയപ്പെട്ടതോടെയാണ് പ്രോസിക്യൂഷന്‍ രാജിവെച്ചത്. സര്‍ക്കാര്‍ വികൃതമായ കളി കളിക്കുന്നു എന്ന ആരോപണവും റോത്തഗി കോടതിയില്‍ ഉയര്‍ത്തി. വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ ആവശ്യം തള്ളിയ കോടതി വിചാരണക്കോടതി ഈ ആവശ്യവുമായി സമീപിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. വിചാരണക്ക് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി സാക്ഷികളെ വിസ്തരിക്കണം എന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന് തടസ്സമാകുന്നു എന്ന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

വിചാരണക്കോടതി ജഡ്ജിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജി നിലനിര്‍ത്തണമെന്നുമുള്ള സര്‍ക്കാര്‍ ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. അപേക്ഷ തീര്‍പ്പുകല്‍പ്പിച്ചെല്ലെങ്കില്‍ അത് വിചാരണകോടതിക്ക് തെറ്റായ സന്ദേശം നല്‍കും എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. എ എം ഖാന്‍വില്‍ക്കറും സി ടി രവികുമാറും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ഇനി വിചാരണ കോടതിയുടെ നിലപാട് കേസില്‍ നിര്‍ണായകമാകും.

Top