ഇത് ഇത്തിരി കൂടിപ്പോയി !..കേരള പോലീസിനെ വെല്ലുവിളിച്ച് ദിലീപ് ; ബോളിവുഡ് സ്റ്റൈലില്‍ സ്വന്തം സുരക്ഷയോരുക്കി ദിലീപ്

കൊച്ചി: കൊച്ചിയില്‍   യുവ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം തേടിയത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ആയുധമേന്തിയ ഇക്കൂട്ടര്‍ എത്തുമ്പോള്‍ ശരിക്കും പിണറായിയുടെ പോലീസിനെ വെല്ലുവിളിക്കും പോലെയാണ്. ഇത് കേരളമാണെങ്കിലും അധോലോകത്തിലെ രാജാവിനെപ്പോലെയാണ് ദിലീപിന്റെ ഈ നീക്കം. ഇതിനെതിരെ അന്വേഷണ സംഘം പരസ്യമായി രംഗത്തെത്തി.

ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് പറഞ്ഞു. സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും റൂറല്‍ എസ്പി പറഞ്ഞു. സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യ വ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

അതേസമയം സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനകള്‍ക്ക് ശേഷം വിട്ടയച്ചു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തണ്ടര്‍ ഫോഴ്‌സിന് നിയമപരമായ ലൈസന്‍സ് ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാല്‍ വാഹനം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

തന്റെ രഹസ്യങ്ങളെല്ലാം പൊളിയുമെന്നതിനാലാണ് പോലീസില്‍ നിന്നും സുരക്ഷതേടാന്‍ ദിലീപിന് മടിച്ചത്. അതുകൊണ്ടാണ് സ്വകാര്യ സുരക്ഷാ ടീമിന്റെ സഹായം തേടിയത്. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് ഈ സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി.

മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. ബോളിവുഡില്‍ സിനിമാ താരങ്ങള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനമുണ്ട്. ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധം പോലെയായി കാര്യങ്ങള്‍. ആ മാതൃകയാണ് ദിലീപ് സ്വീകരിച്ചത്. നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ.

ഇന്നലെ കൊച്ചിയില്‍ തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം തടഞ്ഞപ്പോള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണ് പറഞ്ഞത്. എന്നാല്‍, മലേഷ്യയില്‍ നിന്ന് അങ്ങനെയൊരു സ്പീക്കര്‍ ഔദ്യോഗികമായി വന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, മലേഷ്യയില്‍ നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായ കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജന്‍സി തന്നെ വ്യക്തമാക്കി. പിന്നീട് രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വാഹനം വിട്ടയച്ചു.

മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ടിന്റെ അതേ യൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും.
ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടര്‍ഫോഴ്‌സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

ഇന്നലെ രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പൊലീസ് സന്നാഹങ്ങളെ അനുകരിക്കുന്നവിധമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

മറ്റുവാഹനങ്ങള്‍ വീടിനുമുറ്റത്തു പാര്‍ക്കുചെയ്തപ്പോള്‍ ഒരു സുരക്ഷാവാഹനം മാത്രം റോഡില്‍ നിരീക്ഷണത്തിനായി നിര്‍ത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ്, അന്വേഷിച്ചപ്പോള്‍ സംഘം ആലുവയിലെ ഒരു കടയില്‍നിന്നും 37000 രൂപ വിലവരുന്ന ഒരു നിലവിളക്ക് വാങ്ങിയതായി കണ്ടെത്തി.

ദിലീപ് ജാമ്യംനേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തണ്ടര്‍ഫോഴ്‌സിന്റെ നഗരത്തെ വിറപ്പിച്ചു കൊണ്ടുള്ള വരവ്. എന്തായായും ഈ അവിവേകം ദിലീപിന് തന്നെ വിനയാകുമെന്നതില്‍ സംശയമില്ല.

Top