വധഗൂഢാലോചന കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.ബി രാമന്‍പിള്ളയെ ചോദ്യം ചെയ്യുന്നത് പരിഗണനയിലെന്ന് ക്രൈംബ്രാഞ്ച്.
അദ്ദേഹത്തെ വിളിച്ചു വരുത്തുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. ദിലീപിന്റെ ഫോണിലെ ഡേറ്റ നശിപ്പിക്കാന്‍ ഉപയോഗിച്ച ഐമാക് കമ്ബ്യൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്.
അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസ്, ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ,ഒരു ലോഡ്ജ്‌എന്നിവിടങ്ങളില്‍ വെച്ചാണ് തെളിവുകള്‍ നശിപ്പിച്ചത്.ഇതിനായി ഉപയോഗിച്ച സായിശങ്കറിന്റെ ഭാര്യയുടെ പേരിലുള്ള ഐമാക് ഡസ്‌ക് ടോപ് കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് എസ്.പി.മോഹനചന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജാരാകാന്‍ സായിശങ്കറിന് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നും ആവശ്യപ്പട്ട് അന്വേഷണ സംഘത്തിന് ഇദ്ദേഹം ഈ മെയില്‍ അയച്ചു.
ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ പൊലിസ് പീഡനമാരോപിച്ച് കാവ്യമാധവന്റെ മുന്‍ ജോലിക്കാരന്‍ സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്ക്കാരിന്റെ നിലപാട് തേടി. ഡിവൈഎസ്പി ബൈജു പൗലോസിനും നോട്ടീസുണ്ട്. കാവ്യാമാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍ . ദിലീപിനെതിരെ വ്യാജ മൊഴിനല്‍കാന്‍ ഡീ വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുതുകയാണെന്നാണ് പ്രധാന ആരോപണം.തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കും എന്ന ആശങ്ക ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു