മഠത്തിലെ ദിവ്യ.പി. ജോണിന്റെ മരണം: നിർണായക തെളിവ് നശിപ്പിച്ചു!..മഠം അധികൃതരും തിരുവല്ല പൊലീസും ഒത്തുകളിച്ചു!മൊബൈല്‍ ഫോണും പേഴ്സണല്‍ ഡയറിയും നശിപ്പിച്ചു

തിരുവനന്തപുരം: തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യ.പി. ജോണിന്റെ മരണവും മറ്റൊരു അഭയ കേസ് പോലെ ആകുന്നതായും റിപ്പോർട്ട് .തെളിവുകൾ പോലീസും സഭയിലെ അധികാരികളും കൂടി നശിപ്പിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് .കേരളത്തിലെ കത്തോലിക്കാ മഠങ്ങളിൽ ദുരൂഹമായി മരിക്കുന്ന കന്യാസ്ത്രീകൾ സന്യസ്ത വിദ്യാർഥികൾ എന്നിവരുടെ കേസുകൾ പലപ്പോഴും പാതിവഴിയിൽ ആയിപ്പോകുന്നത് ഇത്തരം തെളിവ് നശിപ്പിക്കലിലൂടെയാണ് .

ദിവ്യയുടെ മൊബൈല്‍ ഫോണും പേഴ്സണല്‍ ഡയറിയുമാണ് മഠം അധികൃതരും തിരുവല്ല പൊലീസും ചേര്‍ന്ന് നശിപ്പിച്ചു എന്നാണ് റിപ്പോർട്ട് . ദുരൂഹതകള്‍ നിറഞ്ഞ കേസായിരുന്നിട്ടു കൂടി ദിവ്യ ഉപയോഗിച്ചിരുന്ന മുറി പൂട്ടി സീല്‍ ചെയ്യുകയോ അവരുടെ മൊബൈല്‍ ഫോണ്‍, ഡയറി ഉള്‍പ്പെടെയുള്ളവ കണ്ടെത്തി തെളിവായി സ്വീകരിക്കാനോ പൊലീസ് തയാറായില്ല. ഈ പഴുതുപയോഗിച്ചാണ് മഠം അധികൃതര്‍ ഈ തെളിവുകള്‍ നശിപ്പിച്ചത് എന്ന് കൗമുദി റിപ്പാർട്ട് ചെയ്യുന്നു . തെളിവുകള്‍ നശിപ്പിക്കുന്നതിന് പൊലീസിന്റെ സഹായം ലഭിച്ചതായും സൂചനയുണ്ട്. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പോലും ദിവ്യയുടെ മൊബൈല്‍ ഫോണോ, ഡയറിയോ സംബന്ധിച്ച് ഒരു വിവരവും രേഖപ്പെടുത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവ്യ മരിക്കുന്നതിനു മുമ്പ് ആരൊക്കെ ആ ഫോണിലേക്ക് വിളിച്ചിരുന്നു, ദിവ്യ ആരെയൊക്കെയാണ് വിളിച്ചിരുന്നത്, മഠത്തിലെ പീഡനവുമായി ബന്ധപ്പെട്ട് എസ്എംഎസുകള്‍ എന്തെങ്കിലും അതിലുണ്ടായിരുന്നോ, വാട്‌സാപ്പ് മെസേജുകള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നീ കാര്യങ്ങള്‍ കേസിന്റെ ഗതിയെത്തന്നെ നിര്‍ണയിക്കുന്നതാണ്. മനഃപൂര്‍വ്വം തെളിവുകള്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. സാധാരണ ഗതിയില്‍ ദുരൂഹ മരണങ്ങള്‍ നടക്കുമ്പോള്‍ മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മാത്രമല്ല അവര്‍ ഉപയോഗിച്ചിരുന്ന മുറിയും വിലപ്പെട്ട രേഖകളും കണ്ടെത്താറുണ്ട്. ഇവിടെ ദിവ്യയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തതല്ലാതെ മറ്റു തെളിവു ശേഖരണങ്ങളൊന്നും നടന്നിട്ടില്ല. കൊലപാതകം മറച്ചുവയ്ക്കാന്‍ വേണ്ടി ഡയറിയും മൊബൈല്‍ ഫോണും നശിപ്പിച്ചതാകാമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഭയ കൊലക്കേസിലും ഇതേ രീതിയായിരുന്നു. അഭയയുടെ ഡയറി സഭാ അധികൃതരും മഠത്തിലെ അന്തേവാസികളും ചേര്‍ന്ന് കത്തിച്ചു കളയുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകളിലൂടെയാണ് ഇവ തെളിയിച്ചത്. ദിവ്യയുടെ മരണവും അഭയ കൊലക്കേസ് മോഡലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മഠത്തിലെ മുതിര്‍ന്ന കന്യാസ്ത്രീ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇവിടെ തനിക്ക് പഠിക്കാനാകുന്നില്ലെന്നും ദിവ്യ തന്റെ വീട്ടുകാരോട് ഫോണിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് പ്രശ്നമെന്ന് വീട്ടുകാര്‍ ചോദിച്ചെങ്കിലും അത് ഫോണിലൂടെ പറയാനാകില്ലെന്നും എല്ലാ കാര്യങ്ങളും തന്റെ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. മകള്‍ തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ദിവ്യയുടെ മാതാവ് പൊലീസിനോട് പറഞ്ഞിരുന്നു.

മേയ് ഏഴിനാണ് ദിവ്യയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കെ ആദ്യംമുതലെ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയിരുന്നില്ല. മാത്രമല്ല പൊലീസ് നായയെ പോലും സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിന് പൊലീസ് തയാറായില്ല. മഠത്തിലെ ദിവ്യയുടെ കൂടെ താമസിച്ചിരുന്നവരുടെ മൊഴിയെടുക്കാനും പൊലീസ് ആദ്യം വിസമ്മതിച്ചിരുന്നു. ഡിജിപിക്ക് ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയപ്പോഴാണ് മൊഴിയെടുക്കാന്‍ പൊലീസ് തയാറായത്. അപ്പോഴേക്കും സഭയുടെ ഇടപെടലുണ്ടായെന്നും കൃത്യമായ മൊഴിയല്ല നല്‍കിയതെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

ദുരൂഹ മരണം നടന്നയുടന്‍ തന്നെ പാലിക്കേണ്ട യാതൊരു മാനദണ്ഡവും പൊലീസ് പാലിച്ചിരുന്നില്ല. മാത്രമല്ല ദിവ്യയുടെ മൃതദേഹം സഭയുടെ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. മുന്‍ എസ്പി മാനേജരായി ജോലിചെയ്യുന്ന ആശുപത്രിയാണിത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കേസിന്റെ ആദ്യംമുതലേ ഉണ്ടായിരുന്നതായി പരാതി ഉണ്ടായിരുന്നു. മേയ് എട്ടിന് രാവിലെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി പുഷ്പഗിരി മെഡിക്കല്‍കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്. അതുവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചതു പോലും നിയമവിരുദ്ധമായാണ്. ദിവ്യയെ ശാരീരികമായി ആരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്നു പോലും സംശയിക്കുന്നതായി സംഭവത്തില്‍ പരാതിയുമായി രംഗത്തുവന്നിരുന്ന പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞിരുന്നു. 20 മണിക്കൂറിലേറെ സമയമാണ് മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തെ അട്ടിമറിക്കുന്നതിനാണ് മൃതദേഹം മനഃപൂര്‍വ്വം സഭയുടെ ആശുപത്രിയില്‍ സൂക്ഷിച്ചതെന്നും പരാതിയുണ്ട്.

മാത്രമല്ല ദിവ്യയുടെ വീട്ടുകാര്‍ മരണം നടന്ന അന്നുതന്നെ പൊലീസിന് പരാതി നല്‍കിയിരുന്നും. അതും പൊലീസ് മറച്ചുവച്ചു. മുന്‍ എസ്പിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. മരണശേഷം ദിവ്യയുടെ വീടിന്റെ നിയന്ത്രണം സഭയുടെ ആള്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മരണവിവരം അന്വേഷിച്ചെത്തിയവരോടെല്ലാം കാര്യങ്ങള്‍ വിശദീകരിച്ചത് സഭയുടെ ആള്‍ക്കാരായിരുന്നു. വീട്ടുകാരെ കാണാന്‍ അനുവദിച്ചതുമില്ല. അതേസമയം ദിവ്യയുടെ മാതാപിതാക്കളെ സ്വാധീനിച്ചത് അടുത്ത ബന്ധുവിന്റെ സഹായത്തോടെയാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്. മലങ്കര കത്തോലിക്കാ സഭയ്ക്കു കീഴിലെ ഒരു മഠത്തിലെ കന്യാസ്ത്രീയാണ് ദിവ്യയുടെ അമ്മയുടെ സഹോദരി. ഇവര്‍ മുഖേനയാണ് വീട്ടുകാരെ സ്വാധീനിച്ചത്. ദിവ്യ ചില കാര്യങ്ങള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്നും മഠത്തില്‍ അവള്‍ക്ക് പഠിക്കാനാകുന്നില്ലെന്നുമുള്ള വിവരം ദിവ്യയുടെ മാതാവ് സഹോദരിയെയും അറിയിച്ചിരുന്നു. ദിവ്യ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം മുതല്‍ സഭാ അധികൃതരും മഠത്തിലെ മുതിര്‍ന്ന കന്യാസ്ത്രീയും ഈ ബന്ധുവിന്റെ സഹായത്തോടെയാണ് വീട്ടുകാരെ സ്വാധീനിച്ചതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Top