
തിരുവനന്തപുരം: രോഗിയുടെ വയറില്‍ ഡോക്ടര്‍ സര്‍ജ്ജറി ഉപകരണം മറന്നുവച്ചു എന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച ഗുരുതര ചികിത്സാവീഴ്ച വിവാദമാകുകയാണ്.
ഓപ്പറേഷനു ശേഷം രോഗിയുടെ വയറില്‍ ഡോക്ടര്‍ സര്‍ജ്ജറി ഉപകരണം മറന്നുവയ്ക്കുകയായിരുന്നു. നെടുമങ്ങാട് സ്വദേശിയായ യുവതിയുടെ വയറിലാണ് സര്‍ജ്ജറി ഉപകരണത്തിന്റെ പൊട്ടിയ ഭാഗം മറന്ന് വച്ച് തുന്നിക്കെട്ടിയത്. ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യാനായി കഴിഞ്ഞ ദിവസമാണ് യുവതിയെ ഓപ്പറേഷന് വിധേയമാക്കിയത്. സര്‍ജ്ജറി നടത്തുന്നതിനിടെ ഒരു ഉപകരണം പൊട്ടിപ്പോയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ സര്‍ജ്ജറി നടത്തിയ ഡോകടര്‍ തുന്നിക്കെട്ടിയെന്നാണ് ആരോപണം.
സര്‍ജ്ജറിക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിംഗിലാണ് ഗുരുതര ചികിത്സാപിഴവ് കണ്ടെത്തിയത്. ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് രോഗിയുടെ ബന്ധു സുധീര്‍ പറഞ്ഞു. ചികിത്സാപിഴവ് കണ്ടെത്തിയതിനെതുടര്‍ന്ന് യുവതിയെ തിരുവന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സര്‍ജ്ജറി നടത്തി ഉപകരണം എടുത്ത്മാറ്റുകയായിരുന്നു.