അച്ഛനെ കൊന്നത് മകള്‍ തന്നെ; മര്യനാട് ഡൊമിനിക്ക് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: കഠിനംകുളം മര്യനാട് ഡൊമിനിക്ക് വധക്കേസില്‍ ഒന്നും രണ്ടും പ്രതികളായ മകളേയും മരുമകനേയും കോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍.സീതയുടെതാണ് ഉത്തരവ്. മരണപ്പെട്ട ഡൊമനിക്കിന്റെ മകള്‍ ഡാളി എന്ന ഷാമിനി (34) ഭര്‍ത്താവ് ബിജില്‍ റോക്കി (40), അയല്‍വാസിയും സിപിഎം കഴക്കുട്ടം ഏരിയ കമ്മിറ്റി അംഗവുമായ നാഗപ്പന്‍ എന്നിവരാണ് കേസിലെ ഒന്നും, രണ്ടും അഞ്ചും പ്രതികള്‍. കേസിലെ അഞ്ചാം പ്രതിയായ നാഗപ്പന് ഏഴ് വര്‍ഷത്തെ ശിക്ഷയും കോടതി വിധിച്ചു.ഡൊമിനിക്കിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മൂന്നാം പ്രതി ഷിബു ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്നു. നാലാം പ്രതി ഡേവിഡ് ഒളിവിലാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 201 വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തതിനാണ് ജീവപര്യന്തം കഠിന തടവ്. അഞ്ചാം പ്രതിയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ഇതേ തുടര്‍ന്ന് മൂന്ന് പ്രതികളെയും ജയിലിലേക്ക് മാറ്റി. 2007 ഓഗസ്റ്റ് ആറിന് ഡൊമിനിക്കിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പോലീസില്‍ പോലും വിവരമറിയിക്കാതെ മര്യനാട് ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. ഡൊമിനിക്കിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് സഹോദരി പുഷ്പ ലില്ലി അന്നത്തെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശ പ്രകാരം 2007 ഒക്ടോബര്‍ ഒന്പതിന് ആര്‍ഡിഒയുടെയും തഹസീല്‍ദാരുടെയും സാന്നിധ്യത്തില്‍ സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ തലയ്‌ക്കേറ്റ പ്രഹരമാണ് മരണകാരണമെന്നു വ്യക്തമായി. ഡൊമിനിക്കിന്റെ സഹോദരിയുടെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരത്തെ ഡൊമിനിക്കിന് വധഭീഷണിയുണ്ടായിരുന്നു. ഭാര്യ മരിച്ചുപോയ ഡൊമിനിക് വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു. ഇങ്ങനെ വന്നാല്‍ സ്വത്ത് കൈവിട്ടുപോകുമെന്ന് മക്കള്‍ ഭയന്നിരുന്നു. മരിക്കുന്നതിന്റെ തലേന്ന് രാത്രി സ്വത്ത് പങ്കു വയ്ക്കുന്ന കാര്യത്തില്‍ മകളും മരുമകനും ഡൊമിനിക്കുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് ഇവര്‍ ഡൊമിനിക്കിനെ മര്‍ദിക്കുകയും തല ചുമരിലിടിച്ച് ഡൊമിനിക്ക് മരിക്കുകയുമായിരുന്നു. 37 സാക്ഷികളെയും 51 രേഖകളും തൊണ്ടിമുതലുകളും വിചാരണ വേളയില്‍ കോടതി പരിഗണിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top