കൊച്ചി: കേരളത്തിൽ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുള്ളത്. 6171 ഇരട്ട വോട്ടുകളാണ് നാദാപുരത്തെന്ന് പട്ടിക വ്യക്തമാക്കുന്നു.അതേസമയം തൃത്താല യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിടി ബല്‍റാമിന്റെ സഹോദരനും ഇരട്ട വോട്ട്. സഹോദരന്‍ വിടി ജയറാമിനാണ് ഇരട്ടവോട്ടുള്ളത്. പട്ടിത്തറ പഞ്ചായത്തിലെ 550-ാം നമ്പര്‍ ഒതളൂര്‍ ചോഴിയാംകുന്ന് അങ്കണവാടി ബൂത്തിലാണ് ജയറാമിന് ഇരട്ടവോട്ടുള്ളത്. ഈ ബൂത്തില്‍ 1487, 1491 ക്രമനമ്പറുകളിലാണ് ഇരട്ടവോട്ട്.
അതേസമയം, ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇരട്ടവോട്ട് തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരട്ടവോട്ട് വിവാദവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ കോടതി അംഗീകരിച്ചു. ഇരട്ടവോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമനടപടി സ്വീകരിക്കാം. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിളിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇരട്ടവോട്ടുള്ളവര്‍ ബൂത്തിലെത്തിയാല്‍ സത്യവാങ്മൂലം എഴുതി നല്‍കണം. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണം. കയ്യിലെ മഷി മായിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നായിരുന്നു ചെന്നിത്തല ഹരജിയില്‍ ആരോപിച്ചത്. കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.