നാല്‍പതിലേറെ പടക്കപ്പലുകള്‍…32 പോര്‍വിമാനങ്ങള്‍…കരുത്ത് കാട്ടി നാവികസേന…ശംഖുമുഖത്ത് രാഷ്ട്രപതിയും കാഴ്ചക്കാരായി ലക്ഷങ്ങള്‍

തിരുവനന്തപുരം: ഇന്ത്യയുടെ കപ്പല്‍പടയുടെ കരുത്ത് വിളംബരം ചെയ്യുന്ന ഒന്നായി രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്ത തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന ഓപ്പറേഷന്‍ ഡെമോ എന്ന നാവികാഭ്യാസപ്രകടനം. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് തമാല്‍, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് സുദര്‍ശിനി എന്നിവയും ശക്തിപ്രകടനത്തില്‍ പങ്കാളികളായി.

വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ശംഖുമുഖത്തെ വേദിയിലെത്തിയ രാഷ്ട്രപതിക്ക് നാവികസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരവ് അര്‍പ്പിച്ചു. നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ദേശീയഗാനത്തിനൊപ്പം ഐഎന്‍എസ് കൊല്‍ക്കത്തയില്‍നിന്നുള്ള 21 ഗണ്‍ സല്യൂട്ടോടെയാണ് വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നത്. പരേഡിനും ബാന്‍ഡ് ഷോയ്ക്കും ശേഷമാണ് കടലിലെ അഭ്യാസപ്രകടനങ്ങള്‍ ആരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഇതാദ്യമായാണ് ഇത്രയും വിപുലമായ അഭ്യാസപ്രകടനം സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും പങ്കെടുത്തു. അരവിന്ദ് നായരുടെ നേതൃത്വത്തില്‍ ഡോണിയര്‍ വിമാനങ്ങളുടെ ബോംബിങ് പ്രകടനവും ഫാന്റം ഫോര്‍മേഷനില്‍ ഹോക്‌സ് നടത്തിയ ബോംബ് ബേസ്റ്റും കാണികള്‍ക്ക് വിരുന്നായി. ആകാശത്തേക്ക് അമിട്ടുകള്‍ തൊടുത്തുവിട്ട് ഇന്ത്യന്‍ പടക്കപ്പലുകള്‍ ചക്രവാളത്തിന് വര്‍ണപ്പകിട്ടേകി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മിച്ച് തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ 19 പ്രധാന യുദ്ധക്കപ്പലുകളാണ് അണിനിരന്നത്.

വിക്രാന്തില്‍നിന്ന് പറന്നുയര്‍ന്ന മിഗ് വിമാനങ്ങളുടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും പ്രദര്‍ശിപ്പിച്ചു. ഇതോടൊപ്പം സീകിങ്ങ്, എം എച്ച് 60 ഞ ഹെലികോപ്റ്ററുകള്‍ പടക്കപ്പലുകളില്‍ ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദൃശ്യവിരുന്നായി. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്‌സ്) അഭ്യാസപ്രകടനങ്ങളും നടന്നു. ഡോണിയര്‍, ജ 8ക, മിഗ് 29 വിമാനങ്ങളുടെ ഫ്‌ലൈ പാസ്റ്റും, ആകെ നാല്‍പ്പതിലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും ചേര്‍ന്ന് സേനയുടെ കരുത്തറിയിച്ചു.

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്ന മറൈന്‍ കമാന്‍ഡോകളുടെ പ്രകടനം കൃത്യതയാര്‍ന്നതായിരുന്നു. ചേതക്ക് ഹെലികോപ്റ്ററുകള്‍ നടത്തിയ തെരച്ചില്‍-രക്ഷാ പ്രവര്‍ത്തനവും (ടലമൃരവ മിറ ഞലരൌല), ഓളപ്പരപ്പിനു മീതെ നിശ്ചലമായി നിന്ന സീക്കിങ് ഹെലികോപ്റ്ററില്‍നിന്ന് കമാന്‍ഡോകള്‍ ഓരോരുത്തരായി സ്പീഡ് ബോട്ടിലേക്കും കപ്പലിലേക്കും ഇറങ്ങി ബന്ദികളെ മോചിപ്പിക്കുന്നതും നിമിഷങ്ങള്‍ക്കകം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതും ആവേശകരമായ കാഴ്ചയായി.

ഓയില്‍ റിഗ് എക്‌സ്‌പ്ലോഷന്‍, ഡൈവര്‍മാരുടെ പ്രദര്‍ശനം, സീക്കിങ് ഹെലികോപ്റ്ററുകള്‍ക്ക് സൂചന നല്‍കുന്ന അണ്ടര്‍ വാട്ടര്‍ കമാന്‍ഡോസ്, ഹോക്ക് കോംബാറ്റ് മാനുവറിങ് എന്നിവയും ശംഖുമുഖം തീരത്തെ ആവേശത്തിലാക്കി. ഐഎന്‍എസ് ശിശുമാര്‍ നയിച്ച അന്തര്‍വാഹിനികള്‍ പങ്കെടുത്ത സെയില്‍ പാസ്റ്റും, എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 40 സീകേഡറ്റുകള്‍ പങ്കെടുത്ത ഹോണ്‍പൈപ്പ് ഡാന്‍സും ചടങ്ങിന് മാറ്റുകൂട്ടി.

ഐഎന്‍എസ് വിദ്യുത് മിസൈല്‍ ബോട്ടിന്റെ സിമുലേറ്റഡ് മിസൈല്‍ ലോഞ്ചും ശ്രദ്ധേയമായി. 600 കിലോമീറ്റര്‍ വരുന്ന കേരള തീരം കാക്കുന്ന സാഗര്‍ പ്രഹരി ബല്‍ എന്ന ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകള്‍, വേഗതയേറിയ ഐഎന്‍എസ് കാബ്ര, ഐഎന്‍എസ് കല്‍പ്പേനി എന്നിവയും പ്രകടനത്തിന്റെ ഭാഗമായി.

1971 ഡിസംബര്‍ നാലിന് കറാച്ചിയില്‍ ഇന്ത്യന്‍ നാവികസേന നടത്തിയ ഓപ്പറേഷന്‍ ട്രൈഡന്റിന്റെ ഓര്‍മയിലാണ് ഈ ദിവസം നാവികസേന ദിനമായി ആചരിക്കുന്നത്. തിരുവനന്തപുരത്ത് ഇതാദ്യമായാണ് നാവികസേന ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ അഭ്യാസപ്രകടനം വീക്ഷിച്ചു.

 

Top