ലഹരിമാഫിയ കേരളത്തില്‍ സജീവമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിഷ്കളങ്കതായ കുട്ടികളെയാണ് ഇവര്‍ ചതിയില്‍ പെടുത്തുന്നതും ഇവരുടെ ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നതും.
ബാറുകള്‍ നിരോധിച്ച ശേഷം ലഹരിക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ യുവ തലമുറ വെന്പല്‍ കൊള്ളുകയാണ്. മലപ്പുറത്ത് നിന്നും അന്യസംസ്ഥാനങ്ങളിലെ ഡിജെ പാര്‍ട്ടികളിലേക്ക് കുട്ടികളെ എത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഊട്ടി, ബെംഗളൂരു, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നു.
മലപ്പുറം ജില്ലയില്‍ നിന്നുമാത്രം നൂറോളം വിദ്യാര്‍ത്ഥികള്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും ലഹരി ഗുളികകളുമായി ഒരു സംഘം പിടിയിലായിരുന്നു. ഇവരാണ് ഡിജെ പാര്‍ട്ടികളെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്.
ഒരു കുട്ടിയില്‍ നിന്നും പതിനായിരം രൂപ വീതമാണ് പാര്‍ട്ടികളിലേക്ക് ഈടാക്കുന്നത്. അവിടെത്തിയാല്‍ ലഹരിമാഫിയയിലെ കൂടുതല്‍ പേരുമായി പരിചയത്തിലാവുകയും പിന്നീട് കുട്ടികള്‍ തന്നെ ലഹരി വസ്തുക്കളുടെ വില്‍പ്പനക്കാരായി മാറുകയും ചെയ്യുന്നു. മലപ്പുറത്ത് നിന്നും പിടിയിലായവരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


