പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് പിണറായി വിജയന്റെ ശൈലിക്കെതിരെ പ്രതിനിധികള്‍ ആഞ്ഞടിച്ചത്.
അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന പരാമര്‍ശം ഒട്ടും ശരിയായ ശൈലിയല്ലെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി.
പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു വിമര്‍ശനം. പിണറായിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇനി ഡിവൈഎഫ്‌ഐയില്‍ നിന്ന് തന്നോട് ‘കടക്ക് പുറത്ത്’ എന്ന് പറയരുതെന്നും പ്രതിനിധി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടിക്കുള്ളിലും പോഷക സംഘടനകളിലും നേതൃത്വത്തിനെതിരെ ഉയരുന്ന അതൃപ്തിയുടെ പ്രതിഫലനം കൂടിയാണ് ഈ വിമര്‍ശനങ്ങള്‍. എന്നും ഭരണത്തില്‍ തുടരുമെന്ന വിചാരം പാര്‍ട്ടിയെ ജനങ്ങളില്‍നിന്നകറ്റി. ഗോവിന്ദന്റെയും പിണറായിയുടെയും നടപടികള്‍ ചേര്‍ന്നപ്പോള്‍ ഫലം ‘ഗോപി’ ആയെന്ന് ഡി.വൈ.എഫ്.ഐ.പരിഹസിച്ചു.










