പാലക്കാട്: ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസ് ജീവനൊടുക്കും മുമ്പ് എഴുതിയ കുറിപ്പിലെ പരാമര്‍ശത്തില്‍ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.
ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ മൊഴിയിലുള്ളത്. അനാശാസ്യക്കേസില്‍ തന്റെ കൂടെ പിടിയിലായവരില്‍ നിന്ന് ഉമേഷ് പണം വാങ്ങിയെന്നും പണം നല്‍കിയില്ലെങ്കില്‍ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
2014ല്‍ അനാശാസ്യത്തിനിടെ പിടിയിലായ യുവതിയെ, അന്ന് സിഐ ആയിരുന്ന ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ബിനു ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചത്. ഡിവൈഎസ്പി ഉമേഷ് അന്ന് മറ്റ് പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നെങ്കിലും, തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയില്ലെന്ന് യുവതി പറയുന്നു. എന്നാല്‍ വടക്കഞ്ചേരി സിഐയായിരുന്ന കാലത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ ഉമേഷ് ക്രൂരമായി പെരുമാറി.
ഉമേഷ് വന്ന സമയത്ത് രണ്ട് പെണ്‍കുഞ്ഞുങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. ഉമേഷ് ടെറസിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൂടെ പോവുകയല്ലാതെ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. വാര്‍ത്തയും കേസും ആകുമോ എന്ന് പേടിച്ച് ഉമേഷ് പറഞ്ഞത് അനുസരിക്കേണ്ടി വന്നു. ഉമേഷ് ടെറസില്‍ വെച്ച് പീഡിപ്പിച്ചെന്നും തന്റെ നിസഹായാവസ്ഥയെ ചൂഷണം ചെയ്യുകയായിരുന്നെന്നും യുവതി മൊഴി നല്‍കി.
ഉമേഷിനെ കുരുക്കുന്ന ഈ നിര്‍ണായക റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ ഉടന്‍ കേസെടുത്തേക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിവൈഎസ്പിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.


