
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാൻ പുതുമുഖങ്ങളെയും പൊതുസമ്മതരെയും രംഗത്തിറക്കാൻ ബി.ജെ.പി. ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി മോഹൻ ലാൽ അടക്കമുള്ള പൊതുസമ്മതരെ 100 സീറ്റുകളിൽ മത്സരിപ്പിച്ച് മിഷൻ 80 കേരളയുമായാണ് ബി.ജെ.പി രംഗത്തിറങ്ങുന്നത്. ഡൽഹിയിൽ നിന്ന് നേരിട്ട് അമിത്ഷാ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോൾ ആകും കേരളത്തിലെ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയ്ക്ക് കാര്യമായ മുൻതൂക്കമുണ്ടാക്കാനാവാത്തതിനു കാരണം സ്ഥിരം മുഖങ്ങളും രാഷ്ട്രീയക്കാരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണ് എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. സാധാരണ ജനങ്ങൾക്കിടയിൽ പൊതുസമ്മതരായവർ സ്ഥാനാർത്ഥിയായെത്തിയെങ്കിൽ മാത്രമേ കേരളത്തിൽ വിജയം നേടാൻ സാധിക്കൂവെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ നൂറ് സീറ്റുകളിൽ രാഷ്ട്രീയം തൊഴിലാക്കാത്ത പൊതുസമ്മതരെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഓരോ മണ്ഡലത്തിലെയും ജാതിമത സമവാക്യങ്ങൾ നോക്കിയാവും പൊതുസമ്മരെയും മത്സരിപ്പിക്കുക. 100 സീറ്റുകൾ ഇത്തരക്കാർക്ക് മാറ്റി വയ്ക്കും. ബാക്കിയുള്ള 40 സീറ്റുകൾ മാത്രമാണ് എൻ.ഡി.എയിലെ നേതാക്കൾക്കായി നൽകുക. ബി.ജെ.പി മാത്രമല്ല, കേരളത്തിലെ ഘടകക്ഷികളും ഈ നില പിൻതുടരണമെന്ന കർശന നിലപാട് കേരളത്തിലെ ബി.ജെ.പി സ്വീകരിക്കും.
ഇതിന്റെ ഭാഗമായി ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി പ്രചാരണം നടത്തും. ഇ.ശ്രീദ്ധരൻ തന്നെ പ്രചാരണത്തിന് നേതൃത്വം നൽകുകയും, പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുകയും, തയ്യാറാക്കുകയും ചെയ്യും. ഇത് കൂടാതെ മോഹൻ ലാലിനെയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനാണ് ബി.ജെ.പിയുടെ പ്രധാന പദ്ധതി. ഇതിന്റെ ഭാഗമായി അമിത് ഷാ അടുത്ത ദിവസം തന്നെ മോഹൻലാലുമായി ചർച്ച നടത്തിയേക്കും. ഇത് എവിടെയാണ് എന്നും തീയതിയും പിന്നീട് സംസാരിക്കുമെന്നുമാണ് സൂചന.
കേരളത്തിൽ 15 അംഗ മന്ത്രിസഭയ്ക്കാണ് ബി.ജെ.പി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പതിനഞ്ച് അംഗ മന്ത്രിസഭയിലേയ്ക്കുള്ള അംഗങ്ങളെയും, മത്സരിക്കാനുള്ള 100 പേരുടെ പട്ടികയും ഇ.ശ്രീധരൻ തന്നെയാവും തീരുമാനിക്കുക. ഇത് അടക്കം സമ്പൂർണ്ണ സ്വാതന്ത്രമാണ് ശ്രീധരന് നൽകുകയെന്നും വ്യക്തമായിട്ടുണ്ട്.