തൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം;തീവ്രത 3.4; പ്രഭവകേന്ദ്രം തലോരിനടുത്ത് മണ്ണാവ്.പലയിടത്തും കനത്ത മഴയും കാറ്റും

തൃശൂര്‍: നഗരത്തിലുള്‍പ്പടെ തൃശൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നുപുലര്‍ച്ചെ നേരിയ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 2.55നും മൂന്നിനുമിടയില്‍ രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത 3.4 ആണ്. തലോരിനടുത്ത് മരത്താക്കര ഹൈവേയ്ക്കു സമീപം കുഞ്ഞനംപാറയ്ക്കടുത്ത് മണ്ണാവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമനിരീക്ഷണകേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

തൃശൂര്‍ നഗരത്തില്‍ പൂങ്കുന്നം, ശങ്കരംകുളങ്ങര, അയ്യന്തോള്‍ എന്നിവിടങ്ങളിലും ഇരിങ്ങാലക്കുട ഊരകം, ചേര്‍പ്പ്, അവിണിശേരി എന്നീ ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടു. പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍, തലോര്‍, ചെങ്ങാലൂര്‍, മാങ്കുറ്റിപ്പാടം എന്നീ ഭാഗങ്ങളിലും ചലനമുണ്ടായി. ചിലയിടങ്ങളില്‍ പാത്രങ്ങള്‍ കുലുങ്ങുന്നതായി അനുഭവപ്പെട്ടെന്ന്് ആളുകള്‍ പറഞ്ഞു. ഒന്നു മുതല്‍ മൂന്നു സെക്കന്റുവരെ മാത്രമാണ് ചലനം നീണ്ടുനിന്നത്. ആശങ്ക ആവശ്യമില്ലെന്നും ചെറുചലനങ്ങളുണ്ടാകുന്നത് നല്ലതാണെന്നും വലിയ ഭൂചലനങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും ഭൂകമ്പമാപിനി നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ശ്രീകുമാരി കേശവന്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ നല്ല മഴയുണ്ടായിരുന്നതിനാല്‍ പലരും ഭൂചലനം അറിയാതെ പോയി. ഇടിവെട്ടിന്റെ ശബ്ദമാണെന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയ്തു. എന്നാല്‍ ഫഌറ്റുകളില്‍ താമസിച്ചിരുന്നവര്‍ക്ക് ഭൂചലനം വളരെ വ്യക്തമായി അറിയാന്‍ സാധിച്ചതായി ശങ്കരംകുളങ്ങര ഭാഗത്തുള്ളവര്‍ പറഞ്ഞു. ഭൂമിക്കടിയില്‍ നിന്ന് മുഴക്കത്തോടുകൂടിയ ശബ്ദം കേട്ടതായി അവിണിശേരി മേഖലയിലുള്ളവര്‍ പറഞ്ഞു.

കൊടകര കോടാലി മറ്റത്തൂര്‍ പഞ്ചായത്തിലും ഭൂചലനം അനുഭവപ്പെട്ടു. ഉറക്കത്തിലായതിനാല്‍ പലരും ഇതേ കുറിച്ച് അറിഞ്ഞില്ല. പുലര്‍ച്ചെ മൂന്നുമണിയോടെ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അടുക്കളയില്‍ പാത്രങ്ങള്‍ കിലുങ്ങുന്നതും കേട്ടതായി ആളുകള്‍ പറഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്തിലെ പലഭാഗങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടു.

തൃശൂരില്‍ പല ഭാഗത്തും ഇന്നലെ രാത്രിയും ഇന്നുപുലര്‍ച്ചെയുമായി ശക്തമായ കാറ്റും മഴയുമുണ്ടായി. പലയിടത്തും വൈദ്യുതിബന്ധങ്ങള്‍ തടസ്സപ്പെട്ടു. ശക്തമായ കാറ്റില്‍ തൃശൂര്‍ നഗരത്തില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. ഇന്നുപുലര്‍ച്ചെ 3.30ന് സേക്രഡ് ഹാട്ട് സ്കൂളിന് സമീപവും 4.20 ന് വടക്കേസ്റ്റാന്‍ഡിലും മരങ്ങള്‍ വീണു.

Top