ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി..ഡി.ഐ.എച്ച് ന്യുസിന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍

കോഴിക്കോട് : ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് വിശ്വാസികള്‍ ബലിപെരുന്നാള്‍ സുദിനത്തെ വരവേല്‍ക്കുന്നു.സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം നല്‍കുന്ന വിശുദ്ധ സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്‍റെ ജീവിതചര്യകള്‍ക്കൊണ്ട് ആകൃഷ്ടരാക്കി ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് നബിതിരുമേനി ചെയ്തത്.ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി വത്തെത്തിയിരിക്കുന്നു.എല്ലാവര്‍ക്കും ഡി.ഐ.എച്ച് ന്യുസിന്റെ ബലി പെരുന്നാള്‍ ആശംസകള്‍ ..
പൊള്ളുന്ന മണല്‍ക്കാട്ടില്‍ പ്രിയതമയേയും കൈക്കുഞ്ഞിനേയും തനിച്ചാക്കി ദൈവ നിയോഗത്തിലേക്കു യാത്രയായി കര്‍മ്മയോഗിയായ പ്രവാചകന്‍ ഇബ്രാഹിം (അ) !ഉഷ്ണഭൂമിയില്‍ ദാഹിച്ചു തളര്‍ന്ന പിഞ്ചു കുഞ്ഞ് വെള്ളത്തിനായി കരഞ്ഞു തളര്‍ന്നപ്പോള്‍ വിശന്നു പൊരിഞ്ഞ തന്‍റെ മാറില്‍ കുഞ്ഞിനു നല്‍കാന്‍ ഒരിറ്റു മുലപ്പാല്‍ പോലും ഇല്ലെന്നറിഞ്ഞ ഹാജറാ ബീവി വിധിയെ പഴിച്ചില്ല,ഞങ്ങള്‍ക്കിനി ആരെന്ന ചോദ്യത്തിന്‍ നിങ്ങള്ക്ക് അള്ളാഹു ഉണ്ടെന്ന ആശ്വാസ വചനത്തെ മാത്രം മുറുകെ പിടിച്ച് തപസ്സിരുന്നുമില്ല.കുഞ്ഞിനെ മരുഭൂമിയില്‍ കിടത്തി സഫാ-മാര്‍വ്വാ മലകള്‍ക്കിടയില്‍ ഒരിത്തിരി ദാഹജലം ലഭിക്കുമോ എന്നു തേടി ഓടി അലഞ്ഞു. പ്രാര്‍ത്ഥനകള്‍ക്കൊപ്പം മനുഷ്യ പ്രയത്നം കൂടി വേണമെന്ന പാഠത്തിനു അടി വരയിടുകയായിരുന്നു അവര്‍!തളര്‍ന്നു കൈക്കാല്‍ ഇട്ടടിച്ച കുഞ്ഞിന്‍റെ കാല്‍ക്കീഴില്‍ മണല്‍ത്തരികള്‍ വകഞ്ഞു മുകളിലേക്ക് ഉറവ പൊട്ടീ ദിവ്യജലം…!ദാഹം തീരുവോളം ഹാജറായും മകന്‍ ഇസ്മായീലും ആ തെളിനീര്‍ കുടിച്ചു .അണ മുറിയാത്ത പ്രവാഹത്തെ കെട്ടി നിര്‍ത്താന്‍ ചുറ്റുമുള്ള കല്ലുകള്‍ കൂട്ടി വെച്ചു നോക്കീ ഹാജറാ ബീവി …!eid1

എന്നിട്ടും ജലപ്രവാഹം നില്‍ക്കാതായപ്പോള്‍ ഹാജറാ വെള്ളത്തോട്‌ മൊഴിഞ്ഞൂ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സംസം’ ശമിക്കൂ പ്രവാഹമേ..!

മരുഭൂമിയില്‍ കെട്ടി നില്‍ക്കും ജല സാനിധ്യം കണ്ട് മുകളില്‍ വട്ടമിട്ടു പറന്നൂ പരുന്തുകള്‍ ..!ദൂരെ നിന്നു പരുന്തുകള്‍ വലം വെക്കുന്നതു കണ്ട് വെള്ളം ലഭിക്കുന്നിടത്ത് തമ്പടിക്കാന്‍ വന്നൂ കച്ചവടക്കാരായ ഒട്ടക കാഫിലകള്‍..!വിശ്രമ സങ്കേതങ്ങള്‍ പൊതു വാണിഭ കേന്ദ്രങ്ങളും അധിവാസ പ്രദേശങ്ങളുമായി ജനപഥം വളര്‍ന്നു .. അങ്ങിനെ മക്കാ എന്ന നഗരമുണ്ടായീ എന്നു ചരിത്രം…!

അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് . പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് .ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്. ബലിയര്‍പ്പണവുമായി ബന്ധപ്പെട്ട ഒരു ആഘോഷം കൂടിയാണ് ബക്രീദ്. ചെറിയ പെരുന്നാളിലെ ഫിത്-ര്‍ സക്കാത്തിനെക്കാളും ശ്രേഷ്ടമാണ് ബലി നല്‍കലെന്നാണ് വിശ്വാസം.ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയാറായതിന്‍റെ സ്മരണയ്ക്കാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാം വിശ്വാസപ്രകാരം ദൈവത്തിനായി മൃഗങ്ങളെ ബലിയര്‍പ്പിക്കുക എന്നത്‌ ഏറ്റവും വിശുദ്ധമായ കര്‍മ്മമാണ്‌.
ആഘോഷം അല്ലെങ്കില്‍ ആനന്ദം എന്ന് അര്‍ത്ഥം വരുന്ന “ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് ‘ഈദ്’ ഉണ്ടായത് .ബക്രീദ് മറ്റൊരു പേരാണ് ഈദ് – ഉല്‍ – സുഹ , “സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തിക സന്ദേശം.ആ ബലികളെല്ലാം സ്നേഹത്തിനും സഹനത്തിനും വേണ്ടിയായിരിക്കണം. ബലി എന്നത്‌ വെറുമൊരു മരണമോ, ഒരു ജീവിതത്തിന്‍റെ ഇല്ലായ്മയോ അല്ല. അത്‌ ഒരു സമര്‍പ്പണമാണ്‌. അത്‌ എന്തും ത്യജിക്കാനുള്ള ഒരു മനസിന്‍റെ അവസ്ഥയാണ്‌.
ഈ ദിനത്തില്‍ ആശംസകള്‍ നേരുത് കൊണ്ട്‌ മനസ്സിലെ വിദ്വേഷങ്ങള്‍ നീക്കി വിശ്വാസികളില്‍ ഇണക്കവും പരസ്പര സാഹോദര്യവും സ്നേഹവും കാരുണ്യവും ബന്ധവും ഊട്ടിയുറപ്പിക്കാനും ഒപ്പം മനസ്സുകളിലെ പക നീക്കി തെറ്റിധാരണകള്‍ മാറ്റുകയും ചെയ്യാനായിരിക്കണം. പെരുന്നാ‍ള്‍ ആശംസകള്‍ നേരുന്നത്‌ ഒരു നല്ല പ്രവൃത്തിയാകുന്നു‍, അതിന്‍റെ മഹത്തരവും സ്വാധീനവും അമൂല്യവുമാകു ന്നു എന്നാണ് മഹാന്‍മാ‍ര്‍ പറഞ്ഞിരിക്കുന്നത്.
ബലിപെരുന്നാള്‍ ദിനത്തിലെ പ്രധാന കര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം ഒന്നാമതായി, ദൈവത്തിന് വേണ്ടി ളുഹറിന് മുമ്പായി രണ്ട് റകഹത്ത് പെരുന്നാള്‍ നിസ്കാരം നടത്തുക. രണ്ടാമതായി, തക്ബീര്‍ ചൊല്ലുക. മൂന്ന്, പെരുന്നാള്‍ നിസ്കാരത്തിന് ശേഷം മൃഗങ്ങളെ ബലിയറുക്കുക. നാല്, പെരുന്നാള്‍ ആശംസകള്‍ കൈമാറുക അതിനായി ബന്ധു വീടുകളില്‍ സന്ദര്‍ശനം നടത്തുക.എന്നിവയാകുന്നു.Eid mubarak
വിശ്വാസത്തിന്‍റെ കുന്നിന്‍ മുകളില്‍ ഭക്തിയുടെ സാഗരസീമയില്‍ സന്ദേശവുമായി ഉദിച്ചുയരുമ്പോള്‍ മക്കയിലേക്കുള്ള ഉദ്യാനപാതകള്‍ ആത്മാവിലേക്ക് കൂടുതല്‍ അടുത്തു വരുന്നു.ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാള്‍ . ദൈവം വലിയവനാകുന്നു.. സര്‍വ സ്തുതിയും ദൈവത്തിനാകുന്നു എന്ന് അര്‍ത്ഥം വരുന്ന അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ ; ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ … എന്ന തക്ബീര്‍ ധ്വനികള്‍ നാനാഭാഗത്ത് നിന്ന് മുഴങ്ങുകയായി.
പെരുന്നാള്‍ ആഘോഷത്തിന് മുസ്‌ലിം ഭവനങ്ങളും പള്ളികളും നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. പെരുന്നാള്‍ ആഘോഷത്തിന്റെ മുന്നോടിയായും ഹാജിമാരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും വിശ്വാസികള്‍ ഇന്നലെ അറഫ നോമ്പ് അനുഷ്ഠിക്കുകയും ചെയ്തു. പെരുന്നാളിനെ വരവേല്‍ക്കാന്‍ പുത്തന്‍ ഉടുപ്പുകള്‍ വാങ്ങുന്നതിനും വിഭവങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകളുമായതോടെ ഇന്നലെ നാടും നഗരവും തിരക്കിലമര്‍ന്നു. പെരുന്നാള്‍ ദിനത്തിലേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകീട്ടോടെ നഗരത്തില്‍ അസാമാന്യ തിരക്കാണ് അനുഭവപ്പെട്ടത്.

bali-perunnalഅറഫ നോമ്പ് തുറന്നതിന് ശേഷമാണ് കൂടുതല്‍ പേരും മാര്‍ക്കറ്റുകളിലേക്കിറങ്ങിയത്.
പ്രധാന മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പുകളും മാളുകളിലും പ്രത്യേക പെരുന്നാള്‍ ഓഫറുകളുമായാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. രാത്രി വൈകിയും റോഡിലും ഷോപ്പുകളിലും തിരക്ക് അനുഭവപ്പെട്ടു. മാനാഞ്ചിറ, മിഠായി തെരുവ്, പാളയം മേഖലകളിലെല്ലാം വഴിയോരങ്ങളില്‍ വസ്ത്രങ്ങളും ചെരിപ്പുകളും ബാഗുകളും ഫാന്‍സി സാധനങ്ങളും വില്‍പ്പനക്കാരുണ്ടായിരുന്നു. അവസാന നേരത്തെ പൊടിപാറും കച്ചവടത്തിനായി തെരുവിലും മത്സരമായിരുന്നു. ആവശ്യക്കാരെ ഉച്ചത്തില്‍ വിളിച്ച് തങ്ങളുടെ സ്ഥാപനത്തിലേക്ക് കയറ്റാനായി പ്രത്യേകം ആളുകളെ തന്നെ നിര്‍ത്തിയിരുന്നു. മിഠായി തെരുവിലാണ് വഴിയില്‍ പോകുന്നവരെയെല്ലാം സ്വീകരിക്കാന്‍ ആളുകള്‍ കടകള്‍ക്ക് മുന്‍പില്‍ നിന്നും ഉറക്കെ വിളിക്കുന്നത്.

താരതമ്യേന കുറഞ്ഞ വിലക്ക് സാധനങ്ങള്‍ കിട്ടുന്നതിനാല്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ വഴിയോര വാണിഭങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. മൊഫ്യൂസല്‍ ബസ്സ്റ്റാന്റ് പരിസരത്തും മാവൂര്‍ റോഡിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിപണിയില്‍ ചെറിയ പെരുന്നാളിന്റെ സമയത്തെ തിരക്കുണ്ടാകുന്നില്ലെങ്കിലും ബലിപെരുന്നാളിനെയും കച്ചവടക്കാര്‍ കാര്യമായിട്ടു തന്നെയാണ് കാണുന്നത്. ബംഗളൂരു, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വസ്ത്രശേഖരം കോഴിക്കോട്ടെത്തുന്നുത്. പുരുഷ വിപണിയില്‍ ലിനന്‍, കോട്ടന്‍ വസ്ത്രങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. വസ്ത്രവിപണിയിലും ചെരുപ്പ്, ഫാന്‍സി കടകളിലുമാണ് തിരക്ക് അനുഭവപ്പെട്ടത്.

eidazhaഫൂട്‌വെയര്‍ വിപണിയില്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലായെത്തിയത്. വിവിധതരം വളകള്‍, മാലകള്‍, മൈലാഞ്ചികള്‍ എന്നിവയെല്ലാം ഫാന്‍സി ഷോപ്പുകളില്‍ ആവശ്യക്കാര്‍ക്കായെത്തിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്ര ശാലകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ബലിപെരുന്നാളിലെ പ്രത്യേക അനുഷ്ഠാനമായ മൃഗബലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പള്ളികളും വീടുകളും കേന്ദ്രീകരിച്ച് പൂര്‍ത്തിയായിക്കഴിഞ്ഞു. ആയിരക്കണക്കിന് മൃഗങ്ങളെയാണ് ബലി കര്‍മത്തിനായി തയാറാക്കി നിര്‍ത്തിയിട്ടുള്ളത്. വിവിധ പള്ളികള്‍ കേന്ദ്രീകരിച്ചും ബലിമാംസ വിതരണം നടക്കും. പെരുന്നാള്‍ നമസ്‌കാരത്തിനായി ഇന്ന് രാവിലെ തന്നെ വിശ്വാസികള്‍ പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും നീങ്ങും. തുടര്‍ന്ന് മൃഗബലിയും നടക്കും.

എവിടെയും ദൈവത്തെ പുകഴ്ത്തി കൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മാത്രം. പള്ളികളും ഈദ്ഗാഹുകളും പ്രാര്‍ഥനകളാള്‍ മുഖരിതമായിരിക്കുന്നു. എങ്ങും സന്തോഷവും ആഹ്ലാദവും നിറഞ്ഞിരിക്കുന്ന ഈ സുദിനത്തില്‍ ,സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ബലി-പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിച്ചുകൊണ്ട് ഏവര്‍ക്കും ബക്രീദ് ആശംസകള്‍

 

Top