ഐഎം വിജയനെ കളത്തിലിറക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്

സിപിഐഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂര്‍ എം പി. 2009 നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം വോട്ടുകള്‍ കൂടുതല്‍ നേടുകയും ചെയ്തിരുന്നു. ആലത്തൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ ഇത്തവണ പരിചിത മുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പി.കെ. ബിജു മത്സരിക്കുന്നില്ലെങ്കില്‍ കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത. സിപിഐഎമ്മിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ ആരെന്നുള്ളതല്ല തെരെഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് പ്രാധാന്യമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളും മികച്ച പ്രതിച്ഛായയും ലാളിത്യവുമാണ് മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന് മുന്‍തൂക്കം നല്‍കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിന്നെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ ഇത്തവണ രാധാകൃഷ്ണന്‍ രംഗത്തിറങ്ങും.രണ്ട് തവണ തുടര്‍ച്ചയായി എംപിയായവരെ മത്സരിപ്പിക്കേണ്ടെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. ബിജുവിനെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ഇടപെടുകയും മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചേലക്കര സ്വദേശി കൂടിയായ കെ രാധാകൃഷ്ണന്റെ പേര് പാര്‍ട്ടി പരിഗണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ആലത്തൂര്‍ തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയത്തിനപ്പുറമുളള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തേടുന്നത്. ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ ഉള്‍പ്പെടയുള്ള പ്രമുഖരെ മത്സരിപ്പിക്കാനാണ് നീക്കം. ഐ എം വിജയനുമായി തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വം പല വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിജയന്‍. അങ്ങനെയെങ്കില്‍ ഏതെങ്കിലും സിനിമാതാരത്തെ ഇറക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കെ ആര്‍ നാരായണന് ശേഷം കോണ്‍ഗ്രസിന് കൈവിട്ട മണ്ഡലമാണ് ആലത്തൂര്‍. അത് തിരിച്ചുപിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

Top