റായ്പൂര്‍: രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിനായി വോട്ട് പിടിക്കാനെത്തിയ ആലെ കണ്ട് എല്ലാവരും ഒന്ന് അമ്പരന്ന് നിന്നും. നരേന്ദ്ര മോദി!! പിന്നെയാണ് മനസിലായത് ഇത് മോദിയല്ല, മോദിയുടെ ഡ്യൂപ്പാണെന്ന്. മോദിയുടെ അപരനായി മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനന്ദ് പഥകാണ് കോണ്‍ഗ്രസിനായി വോട്ട് പിടിക്കാന്‍ മുന്നില്‍.
ബിജെപി സര്‍ക്കാറിന്റെ അഴിമതി ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍പ്രചരണമാണ് ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നടത്തിവരുന്നത്. ഒന്നര പതിറ്റാണ്ടോളമായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് വോട്ട് പിടിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. പ്രധാന ആകര്‍ഷണം മോദിയുടെ അപരനായ അഭിനന്ദ് തന്നെയാണ്.
കാഴ്ചയിലും വസ്ത്രധാരണത്തിലും പ്രധാനമന്ത്രി മോദിയെപ്പോലെ തോന്നിക്കുന്ന അഭിനന്ദ് എല്ലാവര്‍ക്കും കൗതുക കാഴ്ചയാണ്.
ബിജെപിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫി ഇന്ത്യയുടെ നേതാവായ അഭിനന്ദ് കഴിഞ്ഞ മാസമായിരുന്നു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ‘മിത്രോന്‍, അച്ഛെ ദിന്‍ ഒരിക്കലും വരാന്‍ പോകുന്നില്ലെന്ന സത്യം നിങ്ങളോട് പറയാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. അതൊരു വ്യാജ വാഗ്ദാനമായിരുന്നു. വികസനം ഉറപ്പുവരുത്താന്‍ എല്ലാവരും കോണ്‍ഗ്രസിന് വോട്ട് ചെയ്യണം’ എന്നാണ് ഛത്തീസ്ഗഢിലെ വോട്ടര്‍മാരോട് ഇപ്പോള്‍ അഭിനന്ദ് അംഗീകരിക്കുന്നത്.