എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ ശരീരത്ത് തൊട്ട് ശല്യപ്പെടുത്തുന്ന യുവാവിന്റെ വീഡിയോ പുറത്ത്. തിരുവനന്തപുരം സ്വദേശിയായ രതീഷ് എന്നയാളാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ കണ്ട യുവാവിന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് രതീഷ് പങ്കുവെയ്ച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രതീഷ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 5.30 നുള്ള ജനശതാബ്ദിയ്ക്ക് തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയതായിരുന്നു. കുടുംബവും കൂടെയുണ്ടായിരുന്നു. ട്രെയിന്‍ കാത്തിരിക്കവെ, കുട്ടിയ്ക്ക് വെള്ളം വാങ്ങി വന്നപ്പോള്‍ ഒരാള്‍ ശരീരത്ത് സ്പര്‍ശിച്ചതായി ഭാര്യ പറഞ്ഞു.
സ്പര്‍ശിച്ചതെന്ന് കരുതിയയാളെ നിരീക്ഷിച്ചപ്പോള്‍ അയാള്‍ പിന്നെയും പല സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്നതായി കണ്ടു. തുടര്‍ന്ന് രതീഷ് ഇത് തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍, യുവാവിന്റെ അതിക്രമത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതല്ലാതെ സ്ത്രീകള്‍ ആരും അയാള്‍ക്കെതിരെ പ്രതികരിക്കുന്നതായി വീഡിയോയില്‍ കാണുന്നില്ല. രതീഷ് തന്നെ ഇത് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ഒരു സ്ത്രീ അതിക്രമത്തിനെതിരെ പ്രതികരിച്ചിരുന്നെങ്കില്‍ അതിക്രമം ചെയ്ത ആളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ കഴിഞ്ഞേനെയെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഭയവും അപമാനവും കൊണ്ടാകാം സ്ത്രീകള്‍ പ്രതികരിക്കാതിരുന്നത്. അയാള്‍ എത്ര പേര്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടാകുമെന്നും, ഇനിയും അത് ആവര്‍ത്തിക്കുമെന്നും, അത് സംഭവിക്കാതിരിക്കാനാണ് താന്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നതെന്നും യുവാവ് പറയുന്നു. സംഭവം കണ്ടിട്ട് പ്രതികരിക്കാതിരിക്കാതിരുന്നത് പല ആള്‍ക്കൂട്ട അക്രമ സംഭവങ്ങളും തനിക്ക് മുന്നിലുള്ളത് കൊണ്ടാണെന്നും രതിഷ് പറയുന്നു. വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
https://www.facebook.com/ratheesh.chaitanya/videos/10212196828780479/?t=2


