കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വന്‍ വിവാദത്തിലായിരിക്കുകയാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഭൂരിപക്ഷം വൈദികരും സ്വരമുയര്‍ത്തിയിരിക്കുകയാണ്. ഇത് സഭയില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സഭാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. രണ്ട് വൈദികരെ പുറത്താക്കിയിട്ടുമുണ്ട്.
ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്ന് ഒരു വിഭാഗം വൈദികര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ കെ.സി.വൈ.എമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവും മാധ്യമ പ്രവര്‍ത്തകയുമായ ഷെറിന്‍ വില്‍സണിന്റെ പോസ്റ്റും ചര്‍ച്ചയാവുകയാണ്.
ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു. അതില്‍ ഒരു വൈദികന്‍ ഒരു ചാനലില്‍ ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ പ്രവസ്ഥാപന നടത്തിയിരുന്നു. വൈദികരുടെ ഈ ‘ധാര്‍മ്മികത’ ഇതിനു മുന്‍പും സഭയില്‍ അനിഷ്ടങ്ങള്‍ നടന്നപ്പോള്‍ എവിടെപ്പോയി എന്നാണ് ഷെറിന്‍ ചോദിക്കുന്നത്.
ഷെറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വൈദികരെല്ലാം പാവാടാ
(HE SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN-!’)
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു..അതില്‍ ഒരു വൈദികന്‍ ഒരു ചാനലില്‍ പറയുന്നത് കേട്ടു ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ ഈ കുറിപ്പെഴുതാന്‍ ആ വൈദികനാണ് പ്രചോദനം .
(പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നിങ്ങള്‍ക്കു പരിചയമുള്ളവരുമായി ഒരു സാദൃശ്യവുമില്ല ..സാദൃശ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം)
ധാര്‍മ്മികത !
*കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വൈദികന്‍ പീഡിപ്പിച്ചപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ
*തൃശ്ശൂരില്‍ വീട്ടമ്മയുമായി വൈദികന്‍ നാടുവിട്ടപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
* അങ്ങ് മലബാറില്‍ വൈദികനില്‍ നിന്ന് കന്യാസ്ത്രിക്ക് ദിവ്യഗര്‍ഭമുണ്ടായപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
* മനുഷ്യക്കടത്തു കേസില്‍ കെസിബിസി യുവജന കമ്മീഷന്‍ സെക്രട്ടറി ആയിരുന്ന വൈദികന്‍ അകത്തായപ്പോഴും ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
*സഭയുടെ ആശുപത്രി നിര്‍മ്മാണത്തിലേക്ക് പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് സംഭാവന ചെയ്യണമെന്നും മാതാവ് അനുഗ്രഹിക്കുമെന്നും പറഞ്ഞ് സ്പിരിച്യുവല്‍ ബ്ളാക്മെയിലിംഗ് നടത്തിയ വൈദികരെയും കണ്ടിട്ടുണ്ട്.
* സഭയുടെ സ്ഥാപനങ്ങളില്‍ കൈക്കൂലി വാങ്ങി അഡ്മിഷനും ജോലിയും നല്‍കുകന്നത് കണ്ടിട്ടും എന്തേ മറ്റു വൈദികര്‍ പ്രതികരിച്ചില്ല?
* സഭയുടെ വിവിധ സംഘടനകളിലെ തെരഞ്ഞെടുപ്പ് സമയത്തു സ്വന്തം ആളുകളെ തലപ്പത്തെത്തിക്കാന്‍ തരം താണ കളികള്‍ കളിക്കുന്ന വൈദികരെ കണ്ടിട്ടുണ്ട്
* ഇടവക പള്ളി പുതുക്കി പണിയാന്‍ ഏല്പിച്ച കോണ്‍ട്രാക്ടര്‍ ഇടവകക്കാര്‍ പിരിച്ചു നല്‍കിയ പണം അനധികൃതമായി കൈക്കലാക്കിയപ്പോള്‍ കൂട്ടുനിന്നവൈദികനെ കണ്ടിട്ടുണ്ട്
* തിരുനാള്‍ ആഘോഷത്തില്‍ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെയും കണ്ടിട്ടുണ്ട്
* നോട്ട് നിരോധനം വന്നപ്പോള്‍ പ്രേക്ഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വൈദികന്‍ കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകള്‍ വല്ലവിധേനയുംമാറ്റിയെടുക്കാനും നെട്ടോട്ടമോടിയതും അധികൃതര്‍ പറഞ്ഞു കേട്ടിട്ടുണ്ട്
* ജന്മനാ പൊക്കം കുറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിയോട് അള്‍ത്താരയില്‍ ഇനി നീ കയറേണ്ട ആദ്യം പൊക്കം വെക്കട്ടെ എന്ന് പറഞ്ഞ വൈദികനെ കണ്ടിട്ടുണ്ട്
* ഇടവകയിലെ ശവക്കല്ലറകള്‍ കോടികള്‍ക്കു വില്‍ക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തവര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്ത വൈദികനെയും കണ്ടിട്ടുണ്ട്
* ലളിതമായി ജീവിക്കാന്‍ സഭയിലെ മക്കളോട് പറഞ്ഞിട്ടു കോടികളുടെ കാറില്‍ ചുറ്റുന്നവരെയും കണ്ടിട്ടുണ്ട്
* ആശുപത്രി പണിയാനായി ഒരു പ്രദേശത്തെ സ്ഥലം വാങ്ങിയപ്പോള്‍ സ്ഥലം വില്‍ക്കാതിരുന്ന വീട്ടുകാരെ വില്‍ക്കാന്‍ നിര്ബന്ധിതരാക്കിയ വൈദികരെയുംകണ്ടിട്ടുണ്ട്
* കോളേജില്‍ അഡ്മിഷന്‍ കൊടുത്ത കോഴ്സസിന്റെ ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ഡിഗ്രി തന്നെ മാറ്റി വിദ്യാര്‍ത്ഥികളെ ചതിച്ചു പണം ഉണ്ടാകുന്നവൈദികരെയും കണ്ടിട്ടുണ്ട്
*ക്ലാസ്സിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഗുണ്ടായിസം കാണിക്കുന്ന വൈദികരെയും കണ്ടിട്ടുണ്ട്
* സാധാരണക്കാരന് മറ്റു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പള്ളിയില്‍ നടത്താന്‍ സമ്മതിക്കാതിരിക്കുക, പക്ഷെ സമ്പന്നന്‍ ആണെങ്കില്‍ ക്രിസ്തവരല്ലാത്തവരുടെ വിവാഹം വരെ പള്ളിയില്‍ വെച്ച് നടത്തി കൊടുത്ത വൈദികരെയും കണ്ടിട്ടുണ്ട്
* സഭയിലെ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നവൈദികരെയും കണ്ടിട്ടുണ്ട്
ഇനിയും അക്കമിട്ടു നിരത്താന്‍ ഏറെയുണ്ട്!
പക്ഷെ ഇത്രയൊക്കെയാണേലും നമ്മുടെ വൈദികര്‍ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ
വില്യം ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസര്‍ എന്ന കൃതിയില്‍ മാര്‍ക്ക് ആന്റണി നടത്തുന്ന പ്രസംഗത്തിലെ ഒരു വരിയാണ് ഓര്‍മ്മ വരുന്നത്… BRUTUS SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN-!’
ഇതൊക്കെ ഈ കേരളത്തില്‍, നമ്മുടെ സിറോ മലബാര്‍ സഭയില്‍ നടന്നപ്പോഴൊന്നും വാ തുറക്കാന്‍ മടികാണിച്ച വൈദിക ശ്രേഷ്ഠന്മാര്‍ ഇപ്പൊ കാണിക്കുന്ന ഈധാര്‍മികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാല്‍ മതിയായിരുന്നു. കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റ് ചെയ്തെന്നോ ഇല്ലെന്നോഞാന്‍ പറയുന്നില്ല… തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ…
ഇവരിലൊന്നും പെടാതെ വൈദികവൃത്തി അതിന്റെ എല്ലാ പവിത്രതയോടെയും മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം വൈദികരെയും കണ്ടിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ …
എന്ന്
ഷെറിന്‍ വില്‍സണ്‍
(കെസിവൈഎമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ഇവരെ കുറച്ചു കൂടുതല്‍ അടുത്തറിയാനുള്ള അവസരം കിട്ടിയതും ഈ കുറിപ്പെഴുതാന്‍ സഹായകരമായിട്ടുണ്ടേ ?? …അതോടെ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോല്ലെ)