ഭാര്യമാരെ മുഖം മൂടിയണിയിച്ച് നടത്തുന്നവരെ കളിയാക്കുന്ന പോസ്റ്റ് വൈറലാകുന്നു. മുഖം മറച്ചിരിക്കുന്ന ഭര്‍ത്താവിനൊപ്പം ചിത്രമെടുത്ത യുവതിയുടെ പോസ്റ്റും കുറിപ്പുമാണ് വൈറലാകുന്നത്. ഭര്‍ത്താവിന്റെ സൗന്ദര്യം തനിക്ക് മാത്രം ആസ്വദിക്കാനുള്ളതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റില്‍ പറയുന്നതിങ്ങനെ:
ഇതാണ് എന്റെ സുന്ദരനായ ഭര്‍ത്താവ്. അദ്ദേഹം എത്ര സുന്ദരനാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല, കാരണം അതെന്റെ മത്രം അവകാശമാണ്. അവന്റെ എല്ലാം, നേട്ടങ്ങള്‍, സ്വപ്നങ്ങള്‍, അവന്റെ ജീവിതത്തിലെ എല്ലാം എനിക്ക് അവകാശപ്പെട്ടതാണ്. മറ്റാരുടെ ദൃഷ്ടിയും അവനുമേല്‍ ഹറാമാണ്. അതുകൊണ്ട് അവനോട് വീട്ടില്‍ തന്നെയിരിക്കാനാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. കാരണം ഈ ലോകം ചീത്ത സ്ഥലമാണ്.
എന്റെ കൂടെ പുറത്തുവന്നാലും കുഴപ്പമില്ല. ഞങ്ങള്‍ ഒരുമിച്ച് പതിവായി പോകുന്ന ഹോട്ടലാണിത്. ഇവിടെയാകുമ്പോള്‍ സ്റ്റിറോയിഡുകള്‍ കുത്തിവയ്ക്കാത്ത ചിക്കന്‍ കിട്ടും. സ്റ്റിറോയിഡുകള്‍ ഇന്‍ജെക്ട് ചെയ്ത ചിക്കന്‍ വന്ധ്യതയ്ക്ക് കാരണമാകും. അദ്ദേഹത്തിന്റെ പ്രത്യുല്‍പാദനശേഷിയെ തകരാറിലാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹം ജീവിക്കുന്നത് തന്നെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ തരാനും, എന്നെ ഒരമ്മയാക്കാനുമാണ്. അതുകൊണ്ട് ഞങ്ങളിവിടെയേ കഴിക്കാന്‍ വരാറുള്ളൂ.
പുറത്തുപോകുമ്പോള്‍ അദ്ദേഹം നന്നായി ശരീരം മറച്ച ശേഷമേ ഇറങ്ങാറുള്ളൂ. എനിക്കത് ഇഷ്ടമാണ്, കാരണം അദ്ദേഹം പീഡിപ്പിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇങ്ങനെ നടന്നിട്ടും അദ്ദേഹം പീഡിപ്പിക്കപ്പെട്ടാല്‍ അത്, വിധിയാണെന്ന് കരുതും, പ്രതിക്ക് ശിക്ഷ കിട്ടുമെന്ന് ഞങ്ങള്‍ ആശ്വസിക്കും.
എനിക്കെന്ത് വസ്ത്രം ധരിച്ചും പുറത്തിറങ്ങാം. കാരണം ഞാനൊരു സ്ത്രീയാണ്. ഒരു സത്രീയായിരിക്കുന്നത് കൊണ്ടുതന്നെ മറ്റ് സ്ത്രീകള്‍ ഏതറ്റം വരെ പോകുമെന്ന് എനിക്ക് നന്നായിട്ടറിയാം. എനിക്കവരെ പേടിയില്ല. എന്നെ അവരൊന്നും ചെയ്യില്ലല്ലോ, അഥവാ ചെയ്താലും ഞാനത് പുറത്ത് പറയില്ല, കാരണം അങ്ങനെ ഞാന്‍ പരസ്യപ്പെടുത്തിയാല്‍ ലോകത്തിന് മുന്നില്‍ ഞാന്‍ ശക്തിയില്ലാത്തവളും, പ്രതികരിക്കാന്‍ കഴിവില്ലാത്തവളുമാകും. ഒരു സ്ത്രീ ഒരിക്കലും അശക്തയാകരുത്. നിങ്ങള്‍ക്കറിയാമോ? സ്ത്രീകള്‍ അത്രമാത്രം കരുത്തരാണ്…
ഞാന്‍ അദ്ദേഹത്തെ ജോലിക്ക് വിടുകയും വണ്ടിയോടിക്കാന്‍ അനുവദിക്കുകയും ഒക്കെ ചെയ്യാറുണ്ട്. കാരണം ഞാന്‍ തുല്യതയില്‍ വിശ്വസിക്കുന്നു. പക്ഷേ, അദ്ദേഹത്തെ എല്ലാവരുമായും ഇടപഴകാന്‍ ഞാന്‍ വിടാറില്ല. അക്കാര്യത്തില്‍ സ്ട്രിക്ടാണ്. അതെന്റെ ഉത്തരവാദിത്തമല്ലേ? അത്രയും ദൈവഭയമുള്ള ഒരു ഭര്‍ത്താവില്ലെങ്കില്‍ എനിക്കെങ്ങനെ സ്വര്‍ഗത്തിലേക്ക് കടക്കാനാകും? കന്യകരായ എഴുപത് പേരോടൊപ്പം എനിക്കെങ്ങനെ സ്വര്‍ഗത്തില്‍ കിടന്നുറങ്ങാനാകും?
ഫോട്ടോയെടുക്കുന്നതെല്ലാം ഞങ്ങള്‍ക്ക് ഹറാം തന്നെയാണ്. പക്ഷേ ആളുകളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫോട്ടോയെടുക്കുന്നത്…’