സിനിമാസ്വാദകരില്‍ പ്രണയം നിറച്ച് രാധേശ്യാമിന്റെ ക്യാരക്ടർ പോസ്റ്റര്‍

ചെന്നൈ : ആരാധകരൊന്നടങ്കം കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസിന്റെ പുത്തന്‍ ചിത്രം രാധേശ്യാമിൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബന്ധിച്ച് ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ബാഹുബലി, പ്രഭാസിന്റെ ആരാധകവൃത്തങ്ങളും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പ്രഭാസിന്റെ നായികയായി പൂജ ഹെഡ്‌ഗെ എത്തുന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പുതുതായി പുറത്തു വന്നിരിക്കുന്ന പോസ്റ്ററില്‍, ഇരുവരും പൊഴിയുന്ന മഞ്ഞിന്റെ പശ്ചാത്തലത്തില്‍ പ്രണയബദ്ധരായി കിടക്കുന്നതായാണ് ഉള്ളത്.

ചിത്രത്തിന്റെ സ്വഭാവത്തെ അടിവരയിടുകയാണ് പുതിയ പോസ്റ്ററും. റോമിലെ മനോഹരമായ പശ്ചാത്തലമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. റൊമാന്റിക്ക് ഡ്രാമ തലത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ റോമിലെയും ഇറ്റലിയിലെയും അതിമനോഹരമായ ദൃശ്യങ്ങളും ഭാഗമായിട്ടുണ്ട്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ടീസറും, നേരത്തെയിറങ്ങിയ മോഷന്‍ പോസ്റ്ററും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഏകദേശം ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക്ക് ഹീറോ പരിവേഷത്തിലേക്ക് ചേക്കേറുന്നുവെന്നത് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പ്രേക്ഷകരില്‍ ഇതിനോടകം തന്നെ വന്നു ചേര്‍ന്നിട്ടുള്ള പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തികച്ചും വേറിട്ട ഒരു സിനിമാനുഭവമാകും രാധേശ്യാം ഒരുക്കുന്നുതെന്ന് തീര്‍ച്ചയാണ്. ജൂലൈ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളിപ്പോള്‍.

ബഹുഭാഷാ ചിത്രമായി പുറത്തെത്തുന്ന രാധേശ്യാമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശിയും പ്രമോദും ചേര്‍ന്നാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

Top