ദില്ലി: ഇന്ത്യയുടെ ഭൂപടത്തെ അപമാനിക്കുന്നവര്‍ക്ക് ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കും. സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ ഇനി ശ്രദ്ധിക്കുന്നത് കൊള്ളാം. ഭൂപടം തെറ്റായി ചിത്രീകരിച്ചാല്‍ ഏഴ് വര്‍ഷം ജയിലിനുള്ളില്‍ കിടക്കേണ്ടി വരും.
കൂടാതെ 100 കോടി രൂപ വരെ പിഴയും അടയ്ക്കണം. സോഷ്യല്‍മീഡിയകളില്‍ അടക്കം തെറ്റായ ഭൂപടങ്ങള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ചില ഭൂപടങ്ങളില്‍ ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ യഥാക്രമം പാകിസ്താനിലും ചൈനയിലുമാണെന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ശിക്ഷാ നടപടി സംബന്ധിച്ച് കരട് ബില്ലും തയ്യാറാക്കിയിട്ടുണ്ട്. ജിയോ സ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ 2016 എന്ന കരട് ബില്ലില്‍ ഏഴ് വര്‍ഷം വരെ തടവും ഒരു കോടി രൂപ മുതല്‍ 100 കോടി വരെ പിഴയും ശിക്ഷ വിധിക്കുമെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ഭൂപടം ഉപയോഗിച്ച് പരിപാടികള്‍ ചെയ്യുകയാണെങ്കിലോ, ഭൂപടം ചിത്രീകരിക്കുകയോ, ചിത്രങ്ങള്‍ വിതരണം ചെയ്യുകയോ ചെയ്യണമെങ്കില്‍ ഇനിമുതല്‍ സര്‍ക്കാരിന്റെ അനുവാദം തേടണം. ട്വിറ്ററില്‍ നേരത്തെ തെറ്റായ ഇന്ത്യയുടെ ഭൂപടം നല്‍കിയത് വിവാദമുണ്ടാക്കിയിരുന്നു. ഇതില്‍ ജമ്മു പാകിസാതിനിലും കശ്മീര്‍ ചൈനയിലുമായിട്ടാണ് നല്‍കിയിരുന്നത്.