സ്വന്തം ലേഖകൻ
പറവൂർ: പറവൂർ പുറ്റിങ്ങൾ ക്ഷേത്രത്തിലെ വെടിക്കട്ടപകടത്തിൽ മരിച്ചവിൽ അൻപതു പേരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറിപോയതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച 11 മൃതദേഹങ്ങളിൽ ഒന്നിനു പോലും മനുഷ്യരൂപമില്ലെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങളിൽ പലതിനും കൈകാലുകളില്ലെന്നും റിപ്പോർട്ടുകളുണ്ട്. പന്ത്രണ്ടോളം ആശുപത്രികളിലായി മരിച്ചവരുടെ മൃതദേഹങ്ങളും, പരുക്കേറ്റവരെയും പ്രവേശിപ്പിച്ചിരിക്കുകയാണ്.



സംഭവം നടന്ന പുറ്റിങ്ങൽ ക്ഷേത്രത്തിന്റെ മേൽക്കൂരയും, ക്ഷേത്രത്തിന്റെ ഓഡിറ്റോറിയവും വെടിക്കെട്ടു പുരയും പൂർണമായും തകർന്നു തരിപ്പണമായിട്ടുണ്ട്. വെടിക്കെട്ടു നടന്ന മൈതാനത്ത് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും, കൈകാലുകളും, മാംസവും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും ഭയാനകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിൽ 150 ലേറെ പേർക്കാണ് പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ മുപ്പതിലേറെ ആളുകൾക്കു കൈകാലുകളില്ലെന്നും പലരും പൂർണമായും വികലാംഗരായെന്നും ആശുപത്രികളിൽ നിന്നു റിപ്പോർട്ട് ചെയ്യുന്നു.


സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ വെടിക്കെട്ടപകമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് 20 വർഷത്തിനിടെ ചെറുതും വലുതുമായ 750ഓളം വെടിക്കെട്ട് അപകടങ്ങളാണുണ്ടായത്. ഇതിൽ സ്ത്രീകൾ അടക്കം 400ലധികം പേർ മരിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ദുരന്തങ്ങൾ ഉണ്ടായത്. ഇതിലേറെയും തൃശൂർ, പാലക്കാട് ജില്ലകളിലാണ് സംഭവിച്ചത്. കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് കൊല്ലം പരവൂർ ക്ഷേത്രത്തിലേത്.



വെടിക്കെട്ട് ദുരന്തങ്ങൾ:
1952ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68
1978തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്
1984തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
1987തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
1987തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്നവർ ട്രെയിനിടിച്ച് മരിച്ചു. മരണം 27
1988തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10
1989തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
1990കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
1997ചിയ്യാരം പടക്കനിർമാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്
1998പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ പൊട്ടിത്തറി. മരണം 13
1999പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
2006തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
2013പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
2016കൊല്ലം പരവൂർ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. മരണം 87
ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.


