കാണാതായ വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വാ​ഴ​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, ഉ​ദ​യ​ൻ എന്നിവരാണ് അറസ്റ്റിലായത്

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച  വിദേശവനിതയുടെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊലപാതകം, മാനഭംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത ഇവർ കുറ്റം സമ്മതിച്ചിരുന്നു.

വിദേശ വനിതയെ മാർച്ച് 14നാണ് പ്രതികൾ ചേർന്നു കൊലപ്പെടുത്തിയത്. ഇരയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം ഇന്ന് രാവിലെ പോലീസിനു ലഭിച്ചിരുന്നു. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികൾ പ്രതികളുടേതെന്നും തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് ഉമേഷിന്‍റെയും ഉദയന്‍റെയും അറസ്റ്റ് രേഖപ്പെടുത്തയത്.

ഉദയൻ ഗൈഡാണെന്നും ഇയാളാണ് ഇരയെ വാഴമുട്ടത്തു കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ഉമേഷാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.

ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞാണ് ഇവർ ഇരയെ സമീപിച്ചത്. കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവർ വിദേശവനിതയെ വാഴമുട്ടത്ത് കൊണ്ടുവന്നതെന്നും കോവളം ഗ്രോവ് ബിച്ചിന് മുന്നിൽനിന്ന് പനത്തുറ അന്പലം വരെ ഇവർ ഒറ്റയ്ക്കാണെത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിനെ പറ്റി കൂടുതലായി പറയാന്‍ കഴിയില്ലെന്നും പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

അന്വേഷണം വേഗത്തില്‍ തന്നെയാണ് പുരോഗമിച്ചത്. ഇനിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ശാസ്ത്രീയതെളിവുകള്‍ കണ്ടത്താന്‍ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞിരുന്നു. അന്വേഷണ സംഘത്തേയും ഡി.ജി.പി പ്രശംസിച്ചു.

അന്വേഷണ സംഘത്തിലുള്ളവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുമെന്ന് ഡി.ജി.പി അറിയിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്

Top